ന്യൂദെല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ചുവപ്പുകോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ഏറ്റവും കൂടുതല്‍ സമയം പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി എന്ന അദ്ദേഹം തന്നെ സ്ഥാപിച്ച റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു.
കൂടുതല്‍ സമയം സ്വാതന്ത്ര്യദിനാഘോഷ പ്രസംഗം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിനൊപ്പം കൂടുതല്‍ തവണ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രി എന്ന നിലയിലും ഇന്ദിരാഗാന്ധിയുടെ റിക്കാര്‍ഡ് അദ്ദേഹം മറികടന്നു. എന്നാല്‍ 17 തവണ തുടര്‍ച്ചയായി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുന്നിലുണ്ട്. 17 തവണ തുടര്‍ച്ചയായി സ്വാന്ത്ര്യദിനാഘോഷ ചടങ്ങില്‍ ചുവപ്പുകോട്ടയില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു.
2024 ലെ 78-ാം സ്വാതന്ത്ര്യദിനപരേഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 98 മിനിറ്റ് പ്രസംഗിച്ച് ഏറ്റവും കൂടുതല്‍ സമയം പ്രസംഗിച്ചുവെന്ന റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു. ഇന്നു നടന്ന 79-ാം സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം 103 മിനിറ്റ് തുടര്‍ച്ചയായി പ്രസംഗിച്ചു ഇക്കാര്യത്തിലുള്ള തന്റെ തന്നെ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു. ഇതുവരെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇത്രയും ദീര്‍ഘമായി സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസംഗിച്ചിട്ടില്ല. 2017ലാണ് മോദി ഏറ്റവും കുറച്ചു സമയം സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത് -56 മിനിറ്റ്.
മുന്‍ പ്രധാനമന്ത്രി പരേതയായ ഇന്ദിരാഗാന്ധി തുടര്‍ച്ചയായി 11 തവണ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയിരുന്നു. ഇന്നു നടന്ന 79-ാമതു സ്വാതന്ത്ര്യദിന പരേഡില്‍ മോദി ആ റെക്കോര്‍ഡും തകര്‍ത്തു. ഇന്നു 12-ാം തവണയാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്.
2014ലാണ് മോദി ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. അന്ന് 65 മിനിറ്റ് പ്രസംഗിച്ചു. 2015ല്‍ 88 മിനിറ്റും 2018ല്‍ 83 മിനിറ്റും 2019ല്‍ 92 മിനിറ്റും 2020ല്‍ 90 മിനിറ്റും 2021ല്‍ 88 മിനിറ്റും 2022ല്‍ 74 മിനിറ്റും 2023ല്‍ 90 മിനിറ്റും സ്വാതന്ത്ര്യദിനാഘോഷത്തില്‍ മോദി പ്രസംഗിച്ചു. ഇന്ത്യ സ്വതന്ത്ര്യമായ 1947ല്‍ ജവഹര്‍ലാല്‍ നെഹ്‌റു 72 മിനിറ്റ് സ്വാതന്ത്ര്യദിനപ്രസംഗം നടത്തിയിരുന്നു. 1997ല്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാള്‍ 71 മിനിറ്റും 2012ലും 13ലും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് യഥാക്രമം 32വും 35വും മിനിറ്റും സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. പ്രധാമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി 2002ല്‍ 25മിനിറ്റും 2003ല്‍ 30 മിനിറ്റും സ്വാന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പ്രസംഗിച്ചു.
