കാസര്‍കോട്: ബേക്കല്‍, പനയാലില്‍ നിന്നു കാണാതായ യുവാവ് കോയമ്പത്തൂരില്‍ എത്തിയതായി പൊലീസിനു സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് യുവാവിനെ കണ്ടെത്താന്‍ ബേക്കല്‍ പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടി. പനയാല്‍ കളിങ്ങോത്ത് വടക്കേ വളപ്പിലെ വി ടി ദാമോദരന്റെ മകന്‍ അതുല്‍ റാമി (19)നെ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ മകന്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അതുല്‍റാം വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തത്. ഡല്‍ഹിയിലേയ്ക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും കോയമ്പത്തൂരിലാണ് ഉള്ളതെന്നുമാണ് ഫോണ്‍ ചെയ്ത് പറഞ്ഞതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സ്വന്തമായി ഫോണ്‍ ഇല്ലാത്തതിനില്‍ സഹയാത്രികനായ ഒരു ഹിന്ദിക്കാരന്റെ ഫോണ്‍ വാങ്ങിയാണ് വിളിച്ചത്. പ്രസ്തുത ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതുല്‍റാം കോയമ്പത്തൂരില്‍ എത്തിയതായും ചെന്നൈയിലേയ്ക്കുള്ള ട്രെയിന്‍ യാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നുമുള്ള വിവരം പൊലീസിനു ലഭിച്ചത്. ട്രെയിന്‍ ചെന്നൈയില്‍ എത്തുമ്പോള്‍ അതുല്‍റാമിനെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പൊലീസും അങ്ങോട്ട് തിരിച്ചിട്ടുണ്ട്.
