കുമ്പള: വൈദ്യുതി വകുപ്പ് എന്നെങ്കിലും നന്നാവുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവുമോ? അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ പോവുന്നതു മഹാ അബദ്ധത്തിലേക്കായിരിക്കുമെന്നു കുമ്പളയില്‍ ഉണ്ടായേക്കാവുന്ന ഒരു മഹാദുരന്തത്തിനുവേണ്ടിയുള്ള വകുപ്പു ജീവനക്കാരുടെയും മേലാളന്മാരുടെയും കാത്തിരിപ്പ് ഓര്‍മ്മപ്പെടുത്തുന്നു.
കുമ്പളയിലെ തിരക്കേറിയ ബദിയഡുക്ക റോഡിലെ ഓട്ടോ സ്റ്റാന്റിനോടു ചേര്‍ന്ന ഫുട്പാത്തിനു നേര്‍ മുകളില്‍ രണ്ടുകാട്ടുമരങ്ങള്‍ നിധിപോലെ അധികൃതര്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. പഞ്ചായത്തിന്റെയും വൈദ്യുതി അധികൃതരുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും പരിലാളനയില്‍ റോഡില്‍ അതു വേരുറപ്പിച്ച് തലയെടുപ്പോടെ മുകളിലേക്കു വളര്‍ന്നു നിരവധി കണക്ഷനുകളും ലൈനുകളുമുള്ള വൈദ്യുതി ലൈനുകളിലേക്കു മുട്ടുന്ന നിലയില്‍ എത്തിക്കഴിഞ്ഞു. റോഡില്‍ കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിച്ചതാരെന്ന് വ്യക്തമല്ല. റോഡിനും നാടിനും വൈദ്യുതി വകുപ്പിനും അപകടമാവുന്ന തരത്തിലുള്ള നഗര സൗന്ദര്യ വല്‍ക്കരണത്തെ പൊതുജനം കണ്ടു രസിക്കുന്നു. ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും യാത്രക്കാരും ബസ് ജീവനക്കാരും മരം കുറച്ചു കൂടി വളരുമ്പോള്‍ അതൊരു തണലാവുമെന്നു കരുതുകയാണെന്നും സംസാരമുണ്ട്. ചെറുതായിരുന്നപ്പോള്‍ ഒന്നു ചവിട്ടിയിരുന്നെങ്കില്‍ ഒടിഞ്ഞു നശിക്കുമായിരുന്നു. അല്ലെങ്കില്‍ നുള്ളിയെടുത്തു കളഞ്ഞാലും അപകട ഭീഷണിയാവില്ലായിരുന്നെന്നും അഭിപ്രായമുയരുന്നുണ്ട്. അടയ്ക്കായാണെങ്കില്‍ മുണ്ടിന്റെ കുത്തില്‍ തിരുകിവയ്ക്കാമെന്നും എന്നാല്‍ അതൊരു അടയ്ക്കാമരമാവുമ്പോള്‍ (കവുങ്ങ്) മടിയില്‍ വയ്ക്കാനാവില്ലല്ലോ എന്നു സഹതപിക്കുന്നവരും നാട്ടിലുണ്ടെന്നു പറയുന്നുണ്ട്. എന്നാല്‍, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, ഇനിയും എത്ര കാണാനിരിക്കുന്നു എന്ന മട്ടിലാണ് വൈദ്യുതി വകുപ്പിന്റെയും ജീവനക്കാരുടെയും നിലപാടെന്നു പൊതുവെ സംസാരമുണ്ട്.
