കാസര്‍കോട്: പത്തുശതമാനം അധികം സ്വര്‍ണ്ണം നല്‍കാമെന്ന വ്യവസ്ഥയില്‍ വാങ്ങിയ 102ഗ്രാം സ്വര്‍ണ്ണം തിരികെ നല്‍കാതെ വഞ്ചിച്ചതായി പരാതി. ഉദയപുരം, കോടോത്തെ ജനാര്‍ദ്ദനന്റെ ഭാര്യ പി വി മിനി (44) നല്‍കിയ പരാതിയില്‍ ജ്വല്ലറി ഉടമകള്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ ‘മേലോറ’ ജ്വല്ലറി ഉടമകളായ അജാനൂര്‍, രാവണേശ്വരം, കുന്നുമ്മല്‍, തെക്കേപ്പള്ളത്തെ അജിത്ത് കണ്ണൂരിലെ സുബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരിയുടെ കൈവശം ഉണ്ടായിരുന്ന 65.570ഗ്രാം പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് 10 ശതമാനം അധിക സ്വര്‍ണ്ണം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു പരാതിയില്‍ പറഞ്ഞു. 2022 ജനുവരി ഒന്നിന് കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ വച്ചാണ് സ്വര്‍ണ്ണം കൈമാറിയത്. 2023 ഒക്ടോബര്‍ 16ന് പരാതിക്കാരിയുടെ കൈവശം ഉണ്ടായിരുന്ന 32.80ഗ്രാം സ്വര്‍ണ്ണം കൂടി രണ്ടാം പ്രതി കൈക്കലാക്കി. സ്വര്‍ണ്ണാഭരണത്തിന് ബി ഐ എസ് ഹോള്‍ മാര്‍ക്ക് ചെയ്തു തരാമെന്ന് പറഞ്ഞ് രണ്ടാം പ്രതിയായ സുബിന്‍ വാങ്ങിയതായും കേസില്‍ പറയുന്നു. പിന്നീട് പണമോ, സ്വര്‍ണ്ണമോ തിരികെ നല്‍കാതെ വന്നതോടെയാണ് മിനി പൊലീസില്‍ പരാതി നല്‍കിയത്.
