കാസര്‍കോട്: കാസര്‍കോട്, നുള്ളിപ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ടൗണ്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്്തു. തിരുവനന്തപുരം, ബാലരാമപുരം, എഴുതാവൂരിലെ എച്ച് എസ് തൗഫീഖി (24)ന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. മദ്യഷോപ്പിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് തൗഫീഖിനു കുത്തേറ്റത്. സുഹൃത്തായ നിയാസ് എന്നയാളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ വയറിനും തലയിലും തോളിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു.
അതേസമയം നെലക്കളയിലെ കെ ആര്‍ റിജേഷ് നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെയും ടൗണ്‍ പൊലീസ് കേസെടുത്തു. ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് തടഞ്ഞു നിര്‍ത്തി ചവിട്ടുകയും ഇന്റര്‍ ലോക്ക് കട്ടകൊണ്ട് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചതായും കേസില്‍ പറയുന്നു. ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിനു ഇടയാക്കിയതെന്നും കേസില്‍ പറഞ്ഞു. കുത്തേറ്റ തൗഫീഖ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
