കാസര്‍കോട്: സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണ പരിപാടികള്‍ പാടില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ പരിപാടി നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 12.15 മണിയോടെയാണ് പരിപാടി നടന്നത്. എ ബി വി പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പന്തം കൊളുത്തി ക്യാമ്പസിനകത്ത് നടത്തിയ പരിപാടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നു എസ് എഫ് ഐയും കെ എസ് യു വും പ്രഖ്യാപിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് പരിപാടി പുലര്‍ച്ചെ തന്നെ നടത്തിയത്.
അതേസമയം വിഭജന ഭീതി ദിനാചരണ പരിപാടി കാസര്‍കോട് ഗവ. കോളേജില്‍ സംഘര്‍ഷത്തിനു ഇടയാക്കി. എ ബി വി പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്റര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കീറി നശിപ്പിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എം എസ് എഫ്, എ ബി വി പി പ്രവര്‍ത്തകര്‍ ക്യാമ്പസിനു അകത്തും പുറത്തും സംഘടിതരായി നില്‍ക്കുകയാണ്. ഇതിനിടയില്‍ എ ബി വി പി പ്രവര്‍ത്തകര്‍ വീണ്ടും പോസ്റ്റര്‍ പതിച്ചു. പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

