ഉജിരെ: ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌ക്കാരത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനു പ്രത്യേക അന്വേഷണസംഘം വ്യാഴാഴ്ച ഖനനം പുനഃരാരംഭിച്ചു. ഉജിരെ, ധര്‍മ്മസ്ഥല റോഡില്‍ നിന്നു ഒരു കിലോമീറ്ററോളം ദൂരെയാണ് ഇന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് ഖനനം ആരംഭിച്ചിട്ടുള്ളത്.
കൂട്ട ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ടു ബെല്‍ത്തങ്ങാടി കോടതിയില്‍ പരാതി നല്‍കിയ ആളാണ് ഖനനസ്ഥലം അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തത്. നേത്രാവതി നദിക്കരയിലെ കുളിക്കടവിനടുത്താണ് ഈ സ്ഥലം. പുത്തൂര്‍ ഡിവിഷന്‍ അസി. കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ്, പ്രത്യേക അന്വേഷണ സംഘം പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ ദയാമ, ഫോറന്‍സിക് വിദഗ്ദ്ധര്‍, തൊഴിലാളികള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍, പരാതിക്കാരി എന്നിവര്‍ സംഘത്തിലുണ്ട്. പരാതിക്കാരി കൂട്ട ശവക്കുഴിപ്രദേശങ്ങളായി 17 സ്ഥലങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നു മനുഷ്യാസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ട്. ശവക്കുഴി തോണ്ടലിന്റെ 16-ാം ദിവസമായ വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നത് പൊലീസ് സംഘം തടഞ്ഞു. ഖനനം തുടരുകയാണ്.
