കാസര്‍കോട്: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ മെഡലിനു അര്‍ഹരായി. മുന്‍ അഡീഷണല്‍ എസ് പിയും കണ്ണൂര്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എസ് പിയുമായ പി ബാലകൃഷ്ണന്‍ നായര്‍, കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി യു പ്രേമന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.
ബേക്കല്‍ പാലക്കുന്ന് സ്വദേശിയായ പി ബാലകൃഷ്ണന്‍ നായര്‍ അടുത്തിടെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായി ചുമതലയേറ്റത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള യു പ്രേമന്‍ കാഞ്ഞങ്ങാട്, ചെമ്മട്ടംവയലിലാണ് താമസം.
2003ല്‍ എസ് ഐയായി പൊലീസ് സേനയില്‍ ചേര്‍ന്ന ബാലകൃഷ്ണന്‍ നായര്‍ പരിശീലനത്തിനു ശേഷം എറണാകുളം, കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സേവനമനുഷ്ടിച്ച് 2008ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി വെള്ളരിക്കുണ്ട്, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, വളപട്ടണം, കാസര്‍കോട് എന്നീ സര്‍ക്കിളുകളിലും വിജിലന്‍സിലും ജോലി ചെയ്തു. 2017ല്‍ ഡിവൈ എസ് പി ആയി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും, കാസര്‍കോട്, കാഞ്ഞങ്ങാട്, തളിപ്പറമ്പ, കണ്ണൂര്‍ ടൗണ്‍ സബ്ഡിവിഷനുകളിലും ജോലി ചെയ്തു. 2024 ജൂലൈ മുതല്‍ കാസര്‍കോട് അഡീഷണല്‍ എസ്. പി യായി. 2025 ജൂണ്‍ മാസം എസ്. പി. ആയി പ്രൊമോഷന്‍ ലഭിച്ചു. സര്‍വീസില്‍ ഇത് വരെ മികച്ച സേവനത്തിനു 3 ബാഡ്ജ് ഓഫ് ഹോണറും നൂറിലധികം ഗുഡ് സര്‍വീസ് എന്‍ട്രികളും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും 22 പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 2018 ല്‍ ലഭിച്ചു. വിജിലന്‍സിലെ മികച്ച സേവനത്തിനു 2016 വര്‍ഷത്തിലെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചു. ഇന്റലിജിന്‍സ് രംഗത്തെ മികച്ച സേവനത്തിനു 2017ലും 2018 ലും തുടര്‍ച്ചയായി ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചിട്ടുണ്ട്. സര്‍വീസ് കാലയളവില്‍ പ്രമാദമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്. വെള്ളരിക്കുണ്ട് സി ഐ ആയിരിക്കെ ചിറ്റാരിക്കല്‍, രാജപുരം, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ നടന്ന 3 കൊലപാതകകേസുകളിലും പ്രതികള്‍ക്ക് ജീവ പര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11വര്‍ഗീയ കൊലപാതക കേസുകളില്‍ ആദ്യമായി പ്രതികളെ ശിക്ഷിച്ചത് ബാലകൃഷ്ണന്‍ നായര്‍ അന്വേഷണം നടത്തിയ കേസിലാണ്.
പ്രമാദമായ നിരവധി മോഷണ കേസുകള്‍ കണ്ടെത്തിയ സംഘത്തിലെ അംഗമായിരുന്നു ബാലകൃഷ്ണന്‍ നായര്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2010ല്‍ മാരുതി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ 111 പവന്‍ സ്വര്‍ണം കവര്‍ന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികള്‍ ആയിരുന്ന കാലിയ റഫീഖ്, ടി. എച്ച്. റിയാസ്, ഗുജ്രി അമ്മി, അട്ടഗോളി ആസിഫ് എന്നിവര്‍ അടങ്ങിയ സംഘത്തെ പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
കണ്ണൂര്‍ എ സി പി ആയി ജോലി ചെയ്തു വരവേ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരേ ദിവസം മൂന്നു എ. ടി. എം. മെഷീനുകള്‍ കുത്തിതുറന്നു ലക്ഷ കണക്കിന് രൂപ കവര്‍ച്ചു ചെയ്തു ഹരിയാനയിലേക്ക് രക്ഷപ്പെടുകയായിരുന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ആയിരുന്നു.കേരളം, കര്‍ണ്ണാടക. തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 75 ല്‍ അധികം മോഷണ കേസില്‍ പ്രതിയായി 20 വര്‍ഷത്തിലധികമായി ഒളിവില്‍ കഴിയുകയായിരുന്ന മടിക്കേരി ഇബ്രാഹിമിനെ പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ്. വിജിലന്‍സില്‍ ജോലി ചെയ്തു വരവേ ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി അഴിമതികള്‍ കണ്ടെത്തുന്നതിന് നേതൃത്വം നല്‍കി. റോഡ് വര്‍ക്കുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടികള്‍ സ്വീകരിച്ചു.
കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളില്‍ ഡി വൈ എസ് പി ആയിരിക്കെ നിരവധി മയക്കു മരുന്ന് കേസുകള്‍ പിടികൂടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാഞ്ഞങ്ങാട് സബ്ഡിഷനില്‍ ഏറ്റവും കൂടുതല്‍ ഹവാല പണം പിടികൂടിയത് ബാലകൃഷ്ണന്‍ നായര്‍ ഡി വൈ എസ് പി ആയ സമയത്താണ്. പോലീസും ജനങ്ങളും ഒത്തു ചേര്‍ന്നുള്ള നിരവധി ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ക്ക് ബാലകൃഷ്ണന്‍ നായര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ആയിരിക്കെ ഒരു ഗ്രാമത്തെ മുഴുവന്‍ ലഹരി മുക്തമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ലഹരി മുക്ത കൊളവയല്‍ പദ്ധതി ആരംഭിച്ചു നടപ്പാക്കി. ഈ പദ്ധതി നടപ്പാക്കിയതിനു എക്‌സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് അഡീഷണല്‍ എസ്പി ആയിരിക്കെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഹോപ്പ് എന്നീ പദ്ധതികളില്‍ ജില്ലയെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നതിനു മുഖ്യ പങ്കു വഹിച്ചു. ഈ സമയത്താണ് ജില്ലയില്‍ പുതിയ സോഷ്യല്‍ പൊലീസിങ് പദ്ധതികളായ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ‘വന്ദ്യജന സഭ’,യൂ. പി. സ്‌കൂളുകളിലെ കുട്ടികള്‍ വഴിതെറ്റുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയായ ‘തണല്‍’ എന്നിവ ആരംഭിച്ചത്.
പരേതരായ മുങ്ങത്ത് നാരായണ്‍ നായരുടെയും പേറയില്‍ ലീലയുടെയും മകനാണ് ബേക്കല്‍ പാലക്കുന്ന്സ്വദേശിയായ ബാലകൃഷ്ണന്‍ നായര്‍. ഭാര്യ നിഷ. മക്കള്‍: ശിവദ, കാര്‍ത്തിക്.