ഉഡുപ്പി: രാത്രി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സായുധ സംഘം ഗൃഹനാഥനെ അക്രമിച്ചു കൊലപ്പെടുത്തി. ഉഡുപ്പി പുത്തൂരിലെ സുബ്രഹ്‌മണ്യ നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് ഭീകര കൊലപാതകമുണ്ടായത്. സുബ്രഹ്‌മണ്യ നഗറിലെ വിനയ് ദേവഡിഗ (40)എന്നയാളാണ് കൊല്ലപ്പെട്ടത്. സഭവത്തിനു ശേഷം ബ്രഹ്‌മാവര്‍ കൊക്കെര്‍ണയിലെ അക്ഷയ് (34), അജിത് (28), പ്രദീപ് ആചാര്യ (29) എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട വിനയ് ദേവഡിഗയുടെ ഭാര്യ സൗമ്യശ്രീ (31) പൊലീസ് പരാതിപ്പെട്ടു.
രാത്രി 11 മണിക്ക് വീടിന്റെ വാതിലില്‍ ഉച്ചത്തില്‍ മുട്ടുന്നതു കേട്ട് ഭാര്യ വാതില്‍ തുറന്നപ്പോള്‍ മൂന്നു പേര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ വിനയിനെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിനയ് മറ്റെവിടെയോ പോയിരിക്കുകയാണെന്നു ദിവ്യ പറഞ്ഞു. ഇതിനിടയില്‍ വടിവാളുകളും കത്തികളുമായി സംഘം അവരെ തള്ളി മാറ്റി വീട്ടിനുള്ളില്‍ കയറി വിനയിനെ തിരഞ്ഞു. ഒടുവില്‍ വിനയ് ഉറങ്ങിക്കിടന്ന മുറിയിലെത്തിയ സംഘം വടിവാള്‍ കൊണ്ട് തലക്കടിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിനയ് മരിച്ചെന്ന് ഉറപ്പാക്കിയ സംഘം വീട്ടില്‍ നിന്നിറങ്ങി സ്‌കൂട്ടറില്‍ സ്ഥലം വിട്ടു. അക്ഷയ് യെ ആരോ അസഭ്യം പറയുന്നതിന്റെ വീഡിയോ വിനയ് പങ്കുവച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നു പറയുന്നുണ്ട്.
അറസ്റ്റിലായ പ്രദീപ് ആചാര്യ 2016 ല്‍ ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊലക്കേസ് പ്രതിയായിരുന്നു. കൊല്ലപ്പെട്ട വിനയ് 2020 ല്‍ മല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ മറ്റൊരു കൊലക്കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി ജാമ്യത്തിലായിരുന്നു ഇയാള്‍.
