കാസര്‍കോട്: 13 വയസുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആള്‍മാറാട്ടം നടത്തിയ യുവതിക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്വമേധയാ കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ പരാതിയില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കാഞ്ഞങ്ങാട്, വടകര മുക്കിലെ ഹംസയുടെ ഭാര്യ പി അനീസ(42)ക്കെതിരെയാണ് കേസെടുത്തത്. 2024 നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. അപകടം സംബന്ധിച്ച് ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. പുഞ്ചാവിയിലെ ഷംസീര്‍ എന്നയാള്‍ കുട്ടിയെ സ്‌കൂട്ടറിന്റെ പിറകില്‍ ഇരുത്തി വടകര മുക്ക് ഭാഗത്തേയ്ക്ക് പോകുന്നതിനിടയില്‍ സഡന്‍ ബ്രേക്കിട്ടപ്പോള്‍ കുട്ടി തെറിച്ചു വീഴുകയും സാരമായി പരിക്കേറ്റുവെന്നുമാണ് കേസ്. കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നു കണ്ടെത്തിയത്. അപകടസമയത്ത് സ്‌കൂട്ടര്‍ ഓടിച്ചത് കുട്ടിയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്‍ഷൂര്‍ കിട്ടുന്നതിനാണ് ആള്‍മാറാട്ടം നടത്തിയതെന്നും അപകട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് പറഞ്ഞു.
