കാസര്‍കോട്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവങ്ങളില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തതിനു പിന്നാലെ പരവനടുക്കത്തും സമാന അക്രമം. പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന ചെമ്മനാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ കോളിയടുക്കത്തെ 15 കാരന്‍ അക്രമത്തിനു ഇരയായി. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്നു വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ പറഞ്ഞു. കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തലക്കും കണ്ണിനും ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ത്ഥിയെ ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സിടി സ്‌കാനിംഗ് പരിശോധനയ്ക്കു വിധേയനാക്കിയതായി സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
നടപ്പു അധ്യയന വര്‍ഷം ആരംഭിച്ചതിനു ശേഷം ജില്ലയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അക്രമവുമായി ബന്ധപ്പെട്ട് രണ്ടു ഡസനില്‍ അധികം കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കവും സംഘട്ടനവും തുടരുന്നത് രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കളനാട്, ഹൈദ്രോസ് ഹയര്‍ സെക്കണ്ടറി, സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനു ഇരയായ സംഭവത്തില്‍ എട്ടോളം പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കോട്ടിക്കുളം സ്വദേശിയുടെ പരാതി പ്രകാരമാണ് കേസ്. ജി.എച്ച്.എസ് ആദൂരിലെ വിദ്യാര്‍ത്ഥിയും നെല്ലിക്കട്ട ബിലാല്‍ നഗര്‍ സ്വദേശിയുമായ 16 കാരന്റെ പരാതി പ്രകാരം ആദൂര്‍ പൊലീസും, അണങ്കൂര്‍ മെഹബൂബ് റോഡു സ്വദേശിയും തളങ്കര ജി.എം.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിയുമായ 15 കാരന്റെ പരാതിയില്‍ കാസര്‍കോട് പൊലീസുമാണ് കഴിഞ്ഞ ദിവസം കേസെടുത്തത്.
