വാരണാസി: വോട്ടര്‍പട്ടികയില്‍ അവിവാഹിതനായ ക്ഷേത്ര പൂജാരിയും വാരണാസി രാംജങ്കി ക്ഷേത്ര സ്ഥാപകനുമായ സ്വാമി രാംകമല്‍ ദാസിന് 50 ആണ്‍മക്കള്‍. അതില്‍ മൂത്തമകന് 72 വയസ്സും ഇളയവന് 28വയസ്സും.
വോട്ട് മോഷ്ടിക്കല്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനിടയിലാണ് ഇക്കാര്യം പുറത്തായത്. ഇതോടെ കോണ്‍ഗ്രസ് വലിയ വിവാദത്തില്‍പ്പെട്ടിരിക്കുകയാണെന്നു പറയുന്നു. 50കാരനും അവിവാഹിതനുമായ സന്യാസിക്ക് 72 കാരനായ മകനുള്‍പ്പെടെ 50 മക്കളെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മീഷനെതിരെ കോണ്‍ഗ്രസ് വന്‍വിവാദം ഇളക്കിവിട്ടിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ അത് തെറ്റാണെന്നു ഇനിയെങ്കിലും അംഗീകരിക്കുമോ എന്ന് കോണ്‍ഗ്രസ് വെല്ലുവിളിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ചു വന്‍ പ്രചരണം തുടരുന്നതിനിടയില്‍ വാരണാസിയിലെ സന്യാസി സമൂഹം കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. കോണ്‍ഗ്രസുകാര്‍ ഹിന്ദു മതപാരമ്പര്യങ്ങളെ അവഹേളിക്കുകയാണെന്നു അവര്‍ ആരോപിച്ചു. രാഹുലിന്റെ ആരോപണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു ആരോപണ വിധേയനായ സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ആരോപണം സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയ ഗായിക നേഹ സിംഗ് റാത്തോടു രാഷ്ട്രീയ ജനതാദള്‍ നേതാവ് കാഞ്ചന്‍ യാദവ്, സാഹിത്യകാരന്മാര്‍ എന്നിവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സനാധന ധര്‍മ്മ പാരമ്പര്യം അനുസരിച്ച് സന്യാസിയെ പിന്തുടരുകയും ശിഷ്യരാവുകയും ചെയ്യുന്നവര്‍ ഗുരുവിനെ പിതാവായാണ് പരാമര്‍ശിക്കുന്നത്. അതു കൊണ്ടു തന്നെ ഗുരുവിന്റെ പേര് പിതാവിന്റെ പേരായി അവര്‍ സ്വീകരിക്കുന്നു. ആധാര്‍ കാര്‍ഡുകളും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും ഈ പാരമ്പര്യം അംഗീകരിച്ചാണ് അവര്‍ക്കു നല്‍കിയിട്ടുള്ളത്. ഇതു കൊണ്ടാണ് 70കാരനായ ശിഷ്യന്മാര്‍ വോട്ടര്‍ പട്ടികയില്‍ 50കാരനായ സന്യാസിയുടെ മകനായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സ്വാമികള്‍ പറഞ്ഞു.
