കാസര്‍കോട്: കടല്‍ക്ഷോഭത്തിന് നേരിയ ശമനമായതോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞു. ആദ്യദിവസം വല നിറച്ചു മീന്‍ ലഭിച്ചുവെങ്കിലും വിലയില്ലാത്തത് തൊഴിലാളികളെ നിരാശരാക്കി.
മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധനരീതിയാണ് ചവിട്ടുവല. ഒരുകാലത്ത് ഇത് മൊഗ്രാലിന്റെ പ്രധാന സാമ്പത്തിക സ്രോതസായിരുന്നു. നൂറുവര്‍ഷത്തെ പഴക്കമുണ്ട്. ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ ഇന്ന് നൂറിന് താഴെ ജോലിക്കാരേയുള്ളു.
റംപ്പണി എന്ന് വിശേഷിപ്പിക്കുന്ന ചവിട്ടുവല മത്സ്യബന്ധനത്തില്‍ 6 ഗ്രൂപ്പുകളിലായിട്ടാണ് രണ്ടു പതിറ്റാണ്ട് മുന്‍പ് വരെ ആയിരക്കണക്കിനാളുകള്‍ തൊഴില്‍ ചെയ്തിരുന്നത്. ക്രമേണ തൊഴിലാളികള്‍ ഗള്‍ഫിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ ഈ തൊഴിലിന് ആളെ കിട്ടാതായി. ഒപ്പം മത്സ്യലഭ്യതയും കുറഞ്ഞു. തൊഴിലാളികള്‍ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടു. ഇത് മൂലം റംപ്പണി സംഘങ്ങള്‍ തോണിയും വലയും ഉപേക്ഷിച്ചു. ഇപ്പോള്‍ മൊഗ്രാലില്‍ മൂന്ന് ചവിട്ടുവല സംഘ ങ്ങളാണുള്ളത്. തോണിയില്‍ 100 മുതല്‍ 300 മീറ്റര്‍ ദൂരത്തില്‍ കടലില്‍ വലയിട്ട് കരയില്‍ നിന്ന് വലിച്ചെടുക്കുന്നതാണ് ചവിട്ടുവല മത്സ്യബന്ധനം. ഇത് മൊഗ്രാലിന് പുറമെ പള്ളിക്കരയിലുമുണ്ട്.
ഇന്നലെ പ്രതീക്ഷയോടെ കടലിറങ്ങിയ ചവിട്ടുവല സംഘത്തിന് വലയില്‍ നിറയെ വേളൂരി ലഭിച്ചു. എന്നാല്‍ വിലയാകട്ടെ തുച്ഛവും. വരും ദിവസങ്ങളില്‍ ചെമ്മീന്‍ ചാകരയും, മറ്റുള്ള മീനുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. അതേസമയം ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുടമകള്‍ക്കും മറ്റും യഥേഷ്ടം ചെമ്മീന്‍ അടക്കമുള്ള മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതാണ് മത്സ്യ മാര്‍ക്കറ്റുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍കോട് മത്സ്യവിപണി ഉണര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് ഫ്രഷ് മത്സ്യം ലഭിച്ചു തുടങ്ങിയത് മത്സ്യാഹാര പ്രേമികള്‍ക്കും സന്തോഷമായിട്ടുണ്ട്.
