ന്യൂദെല്‍ഹി: കേരളത്തിലെ ദേശീയപാത നിര്‍മ്മാണ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി). സുപ്രധാന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്, കമ്മിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ദേശീയപാത അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമായ ഓഡിറ്റ് വേണമെന്നു പാര്‍ലമെന്ററി കമ്മറ്റി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തും ഡിസൈന്‍ സ്ഥാപിക്കുമ്പോള്‍ വിശാലമായ കൂടിയാലോചന വേണമെന്ന് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡിസൈന്‍ തകരാറാണ് പല സ്ഥലങ്ങളിലും ദേശീയപാത തകരാന്‍ ഇടയാക്കിയത്. ദേശീയപാത നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത കമ്പനികള്‍ പകുതി തുകയ്ക്കു ഉപകരാറില്‍ നല്‍കിയിട്ടുണ്ടെന്നും ഇതു ആശങ്കപ്പെടുത്തുന്നതാണെന്നും കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു. 3684 കോടി രൂപയുടെ കഴക്കൂട്ടം പാത ഉപകരാര്‍ നല്‍കിയത് 795 കോടിക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
