നീലേശ്വരം: സ്വാതന്ത്ര്യദിന പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തിനും മംഗളൂരുവിനുമിടയില്‍ സര്‍വീസ് നടത്തുമ്പോള്‍ നീലേശ്വരത്ത് സ്റ്റോപ്പില്ല.
സ്വാതന്ത്ര്യദിന അവധി ദിവസങ്ങളിലെ തിരക്കൊഴിവാക്കാന്‍ മംഗളൂരു ജംഗ്ഷനും തിരുവനന്തപുരം നോര്‍ത്തിനുമിടയിലാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്‍- തിരുവന്തപുരം നോര്‍ത്ത് ദ്വൈവാര സ്‌പെഷ്യല്‍ 14, 16 തീയ്യതികളില്‍ രാത്രി 7.30ന് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തിലെത്തും.
ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജംഗ്ഷന്‍ സ്‌പെഷ്യല്‍ 16, 17 തീയ്യതികളില്‍ വൈകീട്ട് 5.15ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് മംഗളൂരു ജംഗ്ഷനിലെത്തിച്ചേരും. ഈ ട്രെയിനുകള്‍ക്ക് ജില്ലയിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തു സ്റ്റോപ്പില്ലാത്തതു ജനപ്രതിനിധികളുടെയും കുറ്റകരമായ അവഗണകൊണ്ടുകൂടിയാണെന്നു യാത്രക്കാര്‍ പറയുന്നു. റെയില്‍വേയുടെ അവഗണനക്കെതിരെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മറ്റു സംഘടനകളും പാലിക്കുന്ന മൗനത്തില്‍ യാത്രക്കാര്‍ പരിതപിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ട്രെയിന്‍ യാത്രക്ക് ആശ്രയിക്കുന്ന സ്റ്റേഷനാണ് നീലേശ്വരം. നഗരസഭയിലെയും എട്ട് പഞ്ചായത്തുകളിലെയും ജനങ്ങള്‍ യാത്ര ചെയ്യുന്നത് നീലേശ്വരം സ്റ്റേഷന്‍ വഴിയാണ്.
