സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആള്‍ക്ക് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

ചാമരാജനഗര്‍: ബന്ദിപ്പൂരില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട നഞ്ചന്‍ഗുഡ് സ്വദേശിക്ക് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി. നഞ്ചന്‍ഗുഡ് സ്വദേശിയായ ബസവരാജുവാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനാണ് ഈ നടപടി. തിങ്കളാഴ്ച ലോറിയില്‍ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തനായി നില്‍ക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീല്‍സ് എടുക്കാനായി ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആ ആക്രമണത്തില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു.
തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കര്‍ണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page