തുംകുരു: സ്വഭാവ ദൂഷ്യമെന്ന് ആരോപിച്ച് മകളുടെ ഭര്‍ത്താവായ ദന്ത ഡോക്ടര്‍ അമ്മായി അമ്മയെ കൊന്ന് മൃതദേഹം 19 കഷ്ണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ മരുമകന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ദന്ത ഡോക്ടര്‍ രാമചന്ദ്രപ്പ എസ്, രണ്ട് സഹായികള്‍ എന്നിവരാണ് അറസ്റ്റിലായത്. തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഏഴിന് തെരുവുനായ മനുഷ്യന്റെ കയ്യുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് പത്തിടങ്ങളില്‍ നിന്നായി 42 കാരിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ലക്ഷ്മിദേവമ്മയെ ഓഗസ്റ്റ് 4 മുതല്‍ കാണാതായിരുന്നു. മകളെ കാണാനായി പോയ ഭാര്യ തിരിച്ചെത്തിയില്ലെന്ന് കാട്ടി ഭര്‍ത്താവ് ബാസവരാജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലക്ഷ്മിദേവമ്മയ്ക്ക് സ്വഭാവദൂഷ്യം തനിക്ക് അപമാനം ആകുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കഴിഞ്ഞ ബുധനാഴ്ചയാണ് ദന്തഡോക്ടറും കൂട്ടാളികളായ സതീഷ് കെ.എന്‍, കിരണ്‍ കെ.എസ് എന്നിവര്‍ ചേര്‍ന്ന് കൊല നടത്തിയത്. സംശയിക്കാതിരിക്കാന്‍ മൃതദേഹം 19 കഷണങ്ങളാക്കി 10 സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. തുംകുരുവിലെ ചിമ്പുഗനഹള്ളിയില്‍ വ്യാഴാഴ്ചയാണ് പ്രദേശവാസി കുറ്റിക്കാട്ടില്‍ നിന്ന് ഇറങ്ങി വന്ന തെരുവുനായയുടെ വായില്‍ മനുഷ്യന്റെ കൈ ശ്രദ്ധിക്കുന്നത്. നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ പത്തിടങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ കണ്ടെത്തി. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പത്തിടങ്ങളില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നിയോജക മണ്ഡലത്തില്‍ നടന്ന സംഭവമായതിനാല്‍ കൊലപാതകം വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം കേസില്‍ രൂപീകരിച്ചിരുന്നു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും അടക്കമാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
