കാഞ്ഞങ്ങാട്: അധ്യാപകര്‍ക്കുള്ള ബാലാവകാശ കമ്മീഷന്‍ സംസ്ഥാന തല പരിശീലനം ആരംഭിച്ചു. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഒന്നാം ഘട്ടം പരിശീലനം ആരംഭിച്ചത്. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളില്‍ ആരംഭിച്ച പരിശീലനം ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും, പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകരെ പര്യാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുകയും, വിദ്യാഭ്യാസ-മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ശാസ്ത്രീയ കാഴ്ച്ചപ്പാടോടുകൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ ഉറപ്പാക്കാനും പരിശീലനം ലക്ഷ്യമാക്കുന്നു. പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ അവരുടെ സ്‌കൂളിലെ അധ്യാപകരിലേക്കും 8,9,10, ക്ലാസുകിലെ കുട്ടികളിലേക്കും ബോധവല്‍ക്കരണം എത്തിക്കണം. കൗമാര പ്രായക്കാരായ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ അവബോധം വളര്‍ത്താനും പരിശീലനം ലക്ഷ്യമാക്കുന്നു.
