കുമ്പള: കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ കമ്പിളി പുതപ്പുകളുമായി എത്തുന്നവര്‍ മഴ മാറിയതോടെ സ്വദേശങ്ങളിലേക്ക് മടങ്ങിതുടങ്ങി. ഡല്‍ഹി,രാജസ്ഥാന്‍, കാശ്മീര്‍ സ്വദേശികളാണ് മടങ്ങിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ പലരും മികച്ചകച്ചവടം നടത്തിയിരുന്നു. 100 രൂപ മുതല്‍ 1000 രൂപ വരെ വിലയുള്ള കമ്പിളി പുതപ്പുകളാണ് ഇവര്‍ വിപണിയിലെത്തിച്ചിരുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടുവരുന്ന കമ്പിളികള്‍ ജില്ലകള്‍ തോറും വില്‍പനയ്ക്കായി എത്തിക്കും. ഇതിനുള്ള ശക്തമായ മാര്‍ക്കറ്റിങ് നെറ്റ്വര്‍ക്ക് ഇവര്‍ നേരത്തെ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ എത്തുമ്പോഴും അത് കൂടുതല്‍ വ്യാപിപ്പിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും, നഗരങ്ങളില്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഫുട്പാത്തുകള്‍ ഉപയോഗപ്പെടുത്തിയും ആയിരുന്നു കച്ചവടം. സംഘങ്ങളായാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. തരക്കേടില്ലാത്ത കച്ചവടമാണ് ഇവര്‍ക്ക് ഈ കാലയളവില്‍ ലഭിക്കുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കമ്പളി പുതപ്പ് വില്‍പനക്കാര്‍ സംസ്ഥാനത്തുന്നത്.
കൊണ്ടുവരുന്ന കമ്പിളി പുതപ്പുകള്‍ മൊത്തത്തില്‍ വാങ്ങുന്ന വ്യാപാരികളും ജില്ലയിലുണ്ട്. വ്യാപാരികളാകട്ടെ ഇതിന് ഇരട്ടി വിലയാണ് ഈടാക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും കമ്പിളി പുതപ്പുകള്‍ വില്‍പനയ്ക്ക് എത്തുന്നത്. വിലപിടിപ്പുള്ള കാശ്മീര്‍ കമ്പിളി പുതപ്പുകളും എത്താറുണ്ട്. ഇതിന് വില കൂടുതലാണ്. 500 രൂപ മുതല്‍ 1500 രൂപ വരെയാണ് കാശ്മീര്‍ കമ്പിളി പുതപ്പിന്റെ വില. ഇതിനും ആവശ്യക്കാരേറെയാണ്.
വളരെ വിലക്കുറവില്‍ കിട്ടുന്ന കമ്പിളി പുതപ്പുകള്‍ ചൈനീസ് നിര്‍മ്മിതമാണ്. ഇതിന് 100 രൂപയാണ്. കേരളത്തില്‍ മൂന്നാര്‍, വയനാട് തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാല്‍ എന്നീ പ്രദേശങ്ങളില്‍ കമ്പിളി പുതപ്പിന് എല്ലാ സമയത്തും ചിലവുണ്ടെന്ന് വില്‍പ്പനക്കാര്‍ പറയുന്നു
