ഭുവന്വേശ്വര്‍: 12 വയസുകാരനായ അനുജനെ കൊന്ന് കുഴിച്ചുമൂടി സഹോദരന്‍. കൊലപാതകം രഹസ്യമാക്കി വച്ച 17 കാരന്‍ ഒടുവില്‍ പിടിയിലായി. ഒഡിഷയിലെ ബാലന്‍ഗീറിലെ തിതിലാഗഡിലാണ് സംഭവം. മാതാപിതാക്കള്‍ അനുജനോട് ഏറെ ഇഷ്ടം കാണിക്കുകയും താന്‍ ഒറ്റപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സഹോദരനെ കൊന്നതെന്നാണ് 17 കാരന്‍ പൊലീസിനോട് വിശദമാക്കിയത്. ജൂണ്‍ 29 നാണ് 12 കാരനായ മകനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്.
മൃതദേഹം വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ട ശേഷം, രാത്രി വൈകി മൃതദേഹം സമീപത്തുള്ള മറ്റൊരിടത്തേക്ക് മാറ്റി. മൃതദേഹം അകത്ത് തന്നെ കിടന്നാല്‍ മാതാപിതാക്കള്‍ക്ക് സംശയമുണ്ടാകുമെന്ന് ഭയന്നാണ് കുട്ടി മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. തോട്ടത്തിലുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് മാതാപിതാക്കളുടെ കിടപ്പുമുറിക്ക് സമീപത്ത് കുഴി എടുത്താണ് 12 കാരനെ കുഴിച്ച് മൂടിയത്. മാതാപിതാക്കളെ വീണ്ടും വീണ്ടും ചോദ്യം ചെയ്തതോടെ മൂത്ത മകന്‍ ഒരു ദിവസം വീട് വൃത്തിയാക്കിയിരുന്നുവെന്നു പൊലീസിനോട് പറഞ്ഞു. പതിവായി ചെയ്യുന്ന കാര്യമായിരുന്നില്ലെന്നും എന്തിനാണ് അന്ന് അങ്ങനെ ചെയ്തതെന്നും മനസിലായില്ലെന്നും മാതാവ് ഓര്‍ത്തെടുത്തു പറഞ്ഞു. ഇതാണ് കേസില്‍ പൊലീസിന് തുമ്പായത്. അനുജനെ കുത്തിക്കൊന്ന ശേഷം തറയില്‍ വീണ രക്തം തുടച്ച് നീക്കാനായിയിരുന്നു 17കാരന്‍ വീട് വൃത്തിയാക്കിയത്. മാതാവിനെ ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് പതിനേഴുകാരനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ പിടിച്ച് നില്‍ക്കാനാവാതെ കൗമാരക്കാരന്‍ കുറ്റം സമ്മതിച്ചു. ശനിയാഴ്ച കൗമാരക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന സംശയത്തിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. സമീപ മേഖലയിലെ സിസിടിവി ക്യാമറകള്‍ അരിച്ചുപെറുക്കിയിട്ടും തട്ടിക്കൊണ്ട് പോയെന്ന സംശയത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതിന് പിന്നാലെയാണ് പൊലീസ് വീട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതും പ്രതിയെ കണ്ടെത്തിയതും.
