ന്യൂഡൽഹി: തെരുവുനായ വിഷയത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. രാജ്യതലസ്ഥാനത്തെ എല്ലാ തെരുവ്‌നായകളേയും പിടികൂടി പ്രത്യേകം പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി. നായകളെ ഒരു കാരണവശാലും തെരുവിലേക്ക് വിടരുത്. തെരുവുനായ്ക്കളെ മാറ്റുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വർധിച്ചതോടെയാണ് സുപ്രീംകോടതിയുടെ നടപടി. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വാദം മാത്രമേ കേൾക്കൂവെന്നും നായസ്നേഹികളുടെയും മറ്റാരുടെയും ഹർജികൾ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്കെതിരെയും നടപടിയെടുക്കും. പേവിഷബാധയേറ്റ് മരിച്ചുപോയവരെ തിരികെക്കൊണ്ടുവരാൻ മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോയെന്നും കോടതി ചോദിച്ചു. തെരുവുകൾ പൂർണമായും തെരുവുനായ മുക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. തെരുവുനായ്ക്കളെ ദത്തെടുക്കാനും ആരെയും അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
