കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തു പുതിയ ജനുസില്‍ പെട്ട ഞണ്ടിനെ കണ്ടെത്തി. ഇതിനു കാസര്‍ഗോഡിയ ഷീബേ എന്നു ഗവേഷകര്‍ പേരിട്ടു. നിലവിലുള്ള ഞണ്ടു ജനുസുകളില്‍ നിന്നും വ്യത്യസ്തമായ ഇതിനെ കാസര്‍കോട് മേഖലയില്‍ നിന്ന് കണ്ടെത്തിയതിനാലാണ് ‘കാസര്‍ഗോഡിയ’ എന്ന് പേരിട്ടത്.
കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് നടത്തിയ പഠനത്തിലാണ് ഞണ്ടിനെ കണ്ടെത്തിയത്. ജൈവവൈവിധ്യ ഹോട്ട്സ്പോട്ടില്‍ മാത്രം കാണപ്പെടുന്ന ഇവ മിതമായ ജലപ്രവാഹമുള്ള പുല്‍മേടുകളിലൂടെ ഒഴുകുന്ന ചെറിയ അരുവിയില്‍ ആണ് ജീവിക്കുന്നത്. കരിയിലകള്‍ക്കും ചെറിയ കല്ലുകള്‍ക്കും ഇടയിലാണ് ഈ ഞണ്ടുകളുടെ ആവാസം. സഞ്ചാരികളുടെ പ്രവാഹവും മനുഷ്യ നിര്‍മിത കാട്ടുതീയും കൊണ്ട് അത്യധികം അപകടത്തിലാണ് ഈ ആവാസ സ്ഥാനം. ഈ പഠനം അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ക്രസ്റ്റേഷ്യന്‍ ബയോളജിയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. ഇവയുടെ കാരപ്പേസ് എന്ന പുറംതോടിന്റെ നിറം തവിട്ട്-ഓറഞ്ച് ആണ്, വശങ്ങളില്‍ ധാരാളം കറുത്ത പാടുകള്‍, വലിയ കാലുകള്‍ ഓറഞ്ച് നിറത്തിലാണ്, പുറം പ്രതലങ്ങളില്‍ കറുത്ത പുള്ളികളുമുണ്ട്. കേരളത്തില്‍ കാണപ്പെടുന്ന ശുദ്ധജല ഞണ്ടുകളില്‍ 70 ശതമാനവും ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ജന്തുശാസ്ത്രവിഭാഗം അധ്യാപികയും ഗവേഷകയുമായ ഡോ. ഷീബയുടെ ബഹുമാനാര്‍ത്ഥമാണ് കാസര്‍ഗോഡിയ ഷീബേ എന്ന് പുതിയ ഞണ്ടിന് പേരുനല്‍കിയിരിക്കുന്നത്.
