കാസര്‍കോട്: കാസര്‍കോട് എട്ടേക്കര്‍ സ്ഥലത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നു.
ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാല്‍ ചില്‍ഡ്രന്‍ പാര്‍ക്കിനടുത്ത് 8.06 ഏക്കര്‍ സ്ഥലത്താണ് തുളുനാട് സസ്യോദ്യാനം ഒരുക്കുന്നത്. മൂന്നു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു ആദ്യഘട്ടത്തില്‍ 60 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ 20 ലക്ഷം രൂപ കാസര്‍കോട് വികസനപാക്കേജ് അനുവദിച്ചതാണ്. കാസര്‍കോട് നിര്‍മ്മിതി കേന്ദ്രത്തെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചു.
ലോകത്തെ വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍ക്കും ചിത്രശലഭങ്ങള്‍ക്കും പക്ഷികള്‍ക്കും ഉദ്യാനമൊരുക്കുകയെന്നതാണ് ലക്ഷ്യം. വൃക്ഷശാസ്ത്രപരമായ പഠനം, പരിപാലനം, വൃക്ഷ-സസ്യശേഖരങ്ങളുടെ ശാസ്ത്രീയ സംരക്ഷണം, ജൈവ വൈവിധ്യം ഉറപ്പാക്കുന്ന ദേശാടന പക്ഷി, സസ്യ- മരങ്ങളുടെ നടീല്‍, പൂമ്പാറ്റ, ചെറുജീവികള്‍ക്ക് ആവാസ കേന്ദ്രം, നക്ഷത്രവനം, വിദ്യാവനം, മാതൃപിതൃവനം, ശലഭോദ്യാനം, ദശപുഷ്പ- ദശമൂല, നാല്‍പ്പാമര- പഞ്ചമൂലക സസ്യ സംരക്ഷണം, പച്ചക്കറി തോട്ടം, വാഴത്തോട്ടം, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പഠന സൗകര്യം, ആരോഗ്യ ക്ലാസുകള്‍, പരിശീലന പരിപാടികള്‍ എന്നിവ സസ്യോദ്യാനത്തില്‍ ഏര്‍പ്പെടുത്താന്‍ ഇതു സംബന്ധിച്ചു കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ആധ്യക്ഷ്യം വഹിച്ചു.
കാസര്‍കോട് വികസന പാക്കേജ്, ത്രിതല പഞ്ചായത്തുകള്‍, എം ജി എന്‍ ആര്‍ ഇ ജി എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സസ്യോദ്യാനം സ്ഥാപിക്കുന്നത്. ഉദ്യാനത്തില്‍ പ്രവേശന കവാടം, നടപ്പാത, ജൈവ വേലി, ജല സംരക്ഷണ സംവിധാനങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, മ്യൂസിയം, മിയാവാക്കി വനങ്ങള്‍, മുള പാര്‍ക്ക്, ശുചിമുറികള്‍, ഓപ്പണ്‍ ജിം, ഓഫീസ്, ഇരിപ്പിടങ്ങള്‍, കുടിവെള്ള സംവിധാനം എന്നിവയുണ്ടാവും. ഇതിനു പുറമെ പദ്ധതി ജില്ലയുടെ ടൂറിസം മേഖലക്കും പ്രാദേശിക സാമ്പത്തിക പുരോഗതിക്കും ഉത്തേജകമാവുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അഭിപ്രായപ്പെട്ടു.
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗ പ്ലാനിംഗ്, കൃഷി, എല്‍ എസ് ജി ഡി, കെ ഡി പി, നവ കേരളം പദ്ധതി, സാമൂഹിക വനവല്‍ക്കരണം, കെ എസ് ബി ബി നിര്‍മ്മിതി വിഭാഗം മേധാവികള്‍ പങ്കെടുത്തു.
