ധർമസ്ഥല: ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചു. വെള്ളിയാഴ്ച പരിശോധന നടന്ന ബോളിയാർ വനമേഖലയ്ക്കടുത്തു മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നാണ് ഇവർ വ്യക്തമാക്കിയത്. മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയെന്നും ഇവർ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയതായാണു വിവരം.നേത്രാവതി സ്നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നു കഴിഞ്ഞ ദിവസം ആറുപേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ശനിയാഴ്ച ധർമസ്ഥല ക്ഷേത്രകവാടത്തിനുള്ളിൽ കുഴിയെടുത്തു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ക്ഷേത്രത്തിലെ ബാഹുബലിബെട്ട എന്ന പ്രതിഷ്ഠയുടെ തൊട്ടടുത്താണു പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. ആദ്യമായാണു ക്ഷേത്രകവാടത്തിനുള്ളിൽ പരിശോധിച്ചത്. തിങ്കളാഴ്ച പരിശോധന തുടരും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ലഭിച്ചിട്ടുണ്ട്. അതിനുശേഷം 11നടുത്തുനിന്നാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്.
