ഉല്‍സവസ്ഥലങ്ങളിലും ബസിലുമൊക്കെവച്ച് മാതാവ് കുട്ടികളെ മറന്നുവച്ചതായിട്ടുള്ള നിരവധി സംഭവങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞദിവസം കര്‍ണാടക ഹാസനില്‍ നടന്നു. സ്വര്‍ണം വാങ്ങാനെത്തിയ യുവതി രണ്ടുവയസുള്ള തന്റെ മകളെ ജ്വല്ലറിയില്‍ മറന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗാന്ധിബസാറിലെ ജ്വല്ലറിയിലെത്തിയ യുവതി കുട്ടിയെ റിസപ്ഷന്‍ കൗണ്ടറിന് മുന്‍പിലിരുത്തി സ്വര്‍ണം തിരഞ്ഞെടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് സ്വര്‍ണം വാങ്ങുന്ന തിരിക്കനിടിയില്‍ മകള്‍ ഒപ്പമുള്ളത് മറന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയശേഷമാണ് കുട്ടി കൂടെയില്ലെന്ന് മനസിലായത്. ഉടന്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. ഏറെനേരം കഴിഞ്ഞും മാതാവിനെ കാണാതെ ഭയന്ന കുഞ്ഞ് ജ്വല്ലറിക്ക് പുറത്തെത്തി കരച്ചിലാരംഭിച്ചിരുന്നു. ഇതിനിടെ കരച്ചില്‍ കണ്ട് അതുവഴി വന്ന ഒരു വീട്ടമ്മ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി നല്‍കി. ഈസമയത്ത് പൊലീസും കുട്ടിയുടെ മാതാവും ജ്വല്ലറിയിലെത്തി. കുട്ടിയെ കാണാത്തതിനാല്‍ സിസിടിവി പരിശോധിച്ചു. കുട്ടിയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോകുന്നതായി ദൃശ്യത്തില്‍ കണ്ടു. എന്നാല്‍, ഭക്ഷണം വാങ്ങി നല്‍കിയശേഷം കുഞ്ഞിനെ വീട്ടമ്മ കുട്ടിയെ നേരെ ഹാസന്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചു സ്റ്റേഷനിലെത്തി. കുഞ്ഞിനെ നന്നായി ശ്രദ്ധിക്കണമെന്നും ഇനി ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ കാണിക്കരുതെന്നും നിര്‍ദേശം നല്‍കിയ ശേഷമാണ് കുഞ്ഞിനെ യുവതിക്ക് നല്‍കിയത്.
