ഛണ്ഡീഗഡ്: പഞ്ചാബില്‍ മാധ്യമപ്രവര്‍ത്തകനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പഞ്ചാബിലെ ഭടാലയിലാണ് ദാരുണ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി വന്നത്. ബല്‍വീന്ദര്‍ കുമാര്‍ ഭല്ലയെന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിനെയാണ് എസ്‌ഐമാരായ മന്‍ദീപ് സിങും സുര്‍ജിതും കുമാറും മര്‍ദിച്ചത്. ആഗസ്ത് ഒന്നിനാണ് സംഭവം. ചവിട്ടേറ്റ് ബോധരഹിതനായ ബല്‍വീന്ദറിനെ റോഡില്‍ ഉപേക്ഷിച്ച് പൊലീസുകാര്‍ ഇവിടെ നിന്ന് പോവുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. മഴവെള്ളം നിറഞ്ഞുകിടന്ന റോഡിലെ കുഴിയിലേക്ക് തള്ളിയിട്ട ഇദ്ദേഹത്തെ സമീപത്തെ കടകളില്‍ ഉണ്ടായിരുന്ന നാട്ടുകാരാണ് ബട്ടല സിവില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ഭടല പരാതി നല്‍കി. ഇത് പ്രകാരം പൊലീസ് കേസെടുക്കുകയും ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുകയും ചെയ്തു. ബിഎന്‍എസ് 115 (2), 118(1), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
