മുംബൈ: എണ്‍പതാം വയസ്സില്‍ ചങ്ങാതിമാരെ കൂട്ടാന്‍ ഫേസ് ബുക്ക് വഴി ഫ്രണ്ട്‌സ് റിക്വസ്റ്റ് നടത്തിയ ആള്‍ക്കു രണ്ടു വര്‍ഷം കൊണ്ട് അക്കൗണ്ടിലുണ്ടായിരുന്ന 8.7 കോടി രൂപ പോയിക്കിട്ടി. ഒടുവില്‍ ചിലവിനു പോലും പണമില്ലാതായതിനെത്തുടര്‍ന്നു വിഭ്രാന്തനായ വൃദ്ധനെ മകന്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വൃദ്ധന്‍ മറവി രോഗബാധിതനാണെന്നു കണ്ടെത്തിയതോടെ ആശുപത്രിയില്‍ അഡമിറ്റ് ചെയ്തു. ചികിത്സയിലാണ്.
2023 ഏപ്രിലില്‍ ഫോണില്‍ കുത്തിക്കുത്തി ഇരുന്നപ്പോഴാണ് ഒരു സുഹൃത്തുണ്ടായിരുന്നെങ്കില്‍ എന്ന പൂതി അദ്ദേഹത്തിന് ഉണ്ടായത്. ഉടനെ ഫേസ്ബുക്ക് എടുത്ത് അതിലൊരു ഫ്രണ്ട് റിക്വസ്റ്റ് ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഫ്രണ്ടായി ഷാര്‍വി എന്നൊരു സ്ത്രീ കടന്നുവന്നു. റിക്വസ്റ്റ് സ്വീകരിക്കുന്നു- അവര്‍ അറിയിച്ചു. അദ്ദേഹം അതു സ്വീകരിച്ചു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവുമായി. പിന്നീട് മനസ്സിന് ഓണമായിരുന്നു. പരസ്പരം കണ്ടിട്ടില്ലെങ്കിലും രണ്ടുപേരും മനസ്സുതുറന്ന് ഉല്ലസിച്ചു. നമ്പറുകളും സ്വകാര്യ ജീവിതത്തിലെ മുഴുവന്‍ വിവരങ്ങളും ഉറ്റചങ്ങാതിയോടു വിവരിച്ചു. പിന്നെയും ചാറ്റു തുടര്‍ന്നു. അതോടെ ഫ്രണ്ടിന്റെ അഭിപ്രായമനുസരിച്ചു ഫേസ്ബുക്കില്‍ നിന്നു സല്ലാപം വാട്‌സാപ്പിലേക്കു മാറ്റി. ഭര്‍ത്താവു തന്നെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം പോയെന്നും താനും കുട്ടികളും മാത്രമേ ഉളളൂവെന്നു നിസ്സഹായത പ്രകടിപ്പിച്ചു. ചങ്ങാതിയുടെ വിവരമറിഞ്ഞു ഒക്കെച്ചങ്ങാതിക്കു അതിലും വിഷമം വന്നു. കുറച്ചു ദിവസം കഴിഞ്ഞു കുട്ടികള്‍ക്കു സുഖമില്ലെന്നും സാമ്പത്തിക വിഷമമുണ്ടെന്നും കൂട്ടുകാരനോട് അവര്‍ പറഞ്ഞു. അത്യാവശ്യത്തിനു സഹായിക്കാന്‍ കഴിയുമെങ്കില്‍ ഉപകാരമായിരുന്നെന്നു കൂട്ടുകാരനായ 80 കാരനോട് അപേക്ഷിച്ചു. എന്തിനാണ് വയസ്സുകാലത്തു പണം കെട്ടിവച്ചു കൊണ്ടിരിക്കുന്നതെന്നു കരുതി അവര്‍ ആവശ്യപ്പെട്ട തുക അവര്‍ക്ക് അയച്ചുകൊടുത്തു. പിന്നെ ഇടയ്ക്കിടയ്ക്ക് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തിരിച്ചു ചോദിക്കാതെ അതും അദ്ദേഹം അവര്‍ക്ക് അയച്ചു കൊണ്ടുമിരുന്നു. അങ്ങനെ അങ്ങോട്ടു പൊയ്‌ക്കൊണ്ടിരിക്കെ കവിത എന്ന ഒരു സ്ത്രീ ഫ്രണ്ടാവാന്‍ തയ്യാറായി ഫേസ്ബുക്കില്‍ വന്നു.
വൃദ്ധന്‍ കവിതയെയും ഫ്രണ്ടാക്കി. ഷാര്‍വി എന്നൊരാളാണു നമ്പര്‍ തന്നതെന്നും താങ്കളോടു ഫ്രണ്ടാവണമെന്ന് ഷാര്‍വി പറഞ്ഞുവെന്നും ആമുഖമായി പറഞ്ഞു വച്ചു. പിന്നെ സംസാരിച്ചു തുടങ്ങി. അതോടൊപ്പം അശ്ലീല സന്ദേശങ്ങളും പറന്നു വന്നു. ഒക്കെച്ചങ്കന്‍ അതൊക്കെ വായിച്ചു രസിച്ചിരുന്നു. അങ്ങനെയിരിക്കെ കവിതയും അദ്ദേഹത്തോടു പണം ആവശ്യപ്പെട്ടു. അവളും കൊണ്ടുപോയി തിന്നട്ടെ എന്നു കരുതി വൃദ്ധന്‍ അവര്‍ക്കും പണമയച്ചുകൊടുത്തു കൊണ്ടിരുന്നു. അക്കൊല്ലം നവമ്പറില്‍ അടുത്ത നമ്പര്‍ കൂടി ഫേസ് ബുക്കിലെത്തി. ചങ്ങാതിയാവാന്‍ താല്‍പ്പര്യമുണ്ട്. ചങ്ങാതിയായി ചേര്‍ക്കണം. വയസ്സുകാലത്ത് തന്നെ ചങ്ങാതിമാര്‍ തന്നെ പിന്തുടരുന്നതില്‍ അദ്ദേഹം അഭിമാനിച്ചു. അവരെയും ചങ്ങാതിയാക്കി. അങ്ങനെ -ദിനാസ്-മൂന്നാം ചങ്ങാതിയായി. ചങ്ങാതിയായുടനെ ഷാര്‍വിയുമായിവൃദ്ധന്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അവള്‍ അദ്ദേഹത്തിനയച്ചു. ഉടന്‍ തന്നെ മറ്റൊരു സന്ദേശവുമെത്തി ഷാര്‍വി മരിച്ചു. ആശുപത്രിയില്‍ ചികിത്സയുടെ ബില്ലടച്ചിട്ടില്ല. അത്രക്കു പണം തന്റെ കൈയിലുമില്ല. പണം തന്നു സഹായിക്കണം. കഷ്ടകാലത്തു സഹായിച്ചില്ലെങ്കില്‍പ്പിന്നെ ചങ്ങാത്തത്തിന് എന്ത് വിലയാണെന്നു സ്വയം കരുതി അദ്ദേഹം അവര്‍ക്കു പണമയച്ചു. പിന്നെയും ഓരോ കാര്യങ്ങള്‍ പറഞ്ഞു പണം പിശുക്കിക്കൊണ്ടിരുന്നു.
ഒടുവില്‍ വൃദ്ധന്‍ പണം മടക്കിചോദിച്ചപ്പോള്‍ അവള്‍ ആത്മഹത്യ ചെയ്യുമെന്ന് അയാളെ ഭീഷണിപ്പെടുത്തി. വയസ്സുകാലത്ത് അങ്ങനെ ഒരു പാപവും കൂടി വേണ്ടെന്ന് കരുതി അയാള്‍ സ്വയം ആശ്വസിച്ചു. എന്നാല്‍ വൃദ്ധന്റെ ശനിദശ അവിടം കൊണ്ടും അവസാനിച്ചില്ല. വളരെപ്പെട്ടെന്നു തന്നെ ജാസ്മിന്‍ എന്നൊരു ചങ്ങാതി ഫേസ്ബുക്കില്‍ക്കയറി. തനിക്കും ചങ്ങാതിയാവാന്‍ താല്‍പ്പര്യമാണെന്ന് അറിയിച്ചു. ദിനാസിന്റെ ചങ്ങാതിയായി വന്ന അവരും അദ്ദേഹത്തോടു സഹായം ചോദിച്ചു. അതും കൊടുത്തു. പിന്നീടു സ്വന്തം ആവശ്യത്തിനു ബാങ്കില്‍ നിന്നു പണമെടുക്കാന്‍ നോക്കിയപ്പോള്‍ അക്കൗണ്ട് കാലി. 2023 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ നാലു ചങ്ങാതിമാര്‍ക്കുമായി 734 ഇടപാടുകളിലൂടെ ബാങ്കിലുണ്ടായിരുന്ന എട്ടുകോടി എഴുപതു ലക്ഷം രൂപയും തീര്‍ന്നു. ഇതോടെ സൈബര്‍ തട്ടിപ്പായിരുന്നു ചങ്ങാതിമാരെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീടു മകളില്‍ നിന്നു രണ്ടു ലക്ഷം അദ്ദേഹം വാങ്ങി. അതു തീര്‍ന്നപ്പോള്‍ മകനോട് അഞ്ചു ലക്ഷം രൂപ ചോദിച്ചു. പണം കൊടുത്ത ശേഷം സംശയത്തിന്റെ പേരില്‍ വീട്ടിലെത്തി പിതാവിനോടന്വേഷിച്ചു. പിതാവ് പരിഭ്രാന്തനും വിഭ്രമത്തിലുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സ തുടരുകയാണ്. ജുലൈ 22ന് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ ചങ്ങാതിമാരായ നാലുപേരും ഒരാളായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്.
