ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും: മന്ത്രി എം.ബി രാജേഷ്

കാസര്‍കോട്: ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ ‘ജനഗല്‍സ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികവര്‍ഗ അനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാരുടെ മേഖലാതല സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശീയ ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2009 മുതല്‍ കുടുംബശ്രീ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ ജനതയുടെ ജീവിതാഭിവൃദ്ധിക്കായി എല്ലാ അര്‍ത്ഥത്തിലും ചേര്‍ത്തു നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സാമൂഹിക ഉള്‍ച്ചേര്‍ക്കലിനും ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കുടുംബശ്രീ നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 2013 മുതല്‍ അട്ടപ്പാടിയിലും 2016 മുതല്‍ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികവര്‍ഗ പ്രത്യേക പദ്ധതി വഴി സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നത് ഉള്‍പ്പെടെ ഉപജീവന മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അട്ടപ്പാടിയില്‍ ‘ഹില്‍വാല്യു’ വയനാട്ടില്‍ നിന്നും ‘വന്‍ ധന്‍’, നിലമ്പൂരില്‍ നിന്നും ‘ഗംന്തേ’ എന്ന പേരിലും പുറത്തിറക്കിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിപണിയിലെ മറ്റേത് ഉല്‍പന്നങ്ങളോടും കിട പിടിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമില്‍ നിന്നും ‘ആദി’ കുടക്, ‘കോക്കോ’ വെളിച്ചെണ്ണ, എറണാകുളം ജില്ലയില്‍ നിന്നും ‘കുട്ടമ്പുഴ കോഫി’, കാസര്‍കോട് ജില്ലയിലെ ‘കമ്മാടി ഹണി’ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് തദ്ദേശീയ സംരംഭകരുടേതായി വിപണിയിലെത്തിയതും ഇക്കാലയളവിലാണ്. നിലവില്‍ സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശീയ ജനസമൂഹത്തിലെ 98 ശതമാനം കുടുംബങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുണ്ട്. 7135 പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ വഴിയും പൊതു അയല്‍ക്കൂട്ടങ്ങള്‍ വഴിയും 1,24,904 കുടുംബങ്ങളെ കുടുംബശ്രീയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടമാണ്. 2893 യുവജനങ്ങള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കിയതിലൂടെ 193 പേര്‍ക്ക് സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമായി. 394 പേര്‍ വിവിധ റാങ്ക് ലിസ്റ്റുകളിലുണ്ട്. കുടുംബശ്രീ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി വഴി 1480 പേര്‍ക്കും ജോലി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.


കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ധന്യ എം, കാറഡുക്ക ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭന കുമാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ സവിത പി, സി.ഡി.എസ് അധ്യക്ഷമാരായ റീന സി, റോഷിനി, ഗുലാബി, മാലിനി എ, സൂര്യ, റീന, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഓഫിസര്‍ എം.മധുസൂദനന്‍, മലപ്പുറം, കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ സുരേഷ് കുമാര്‍ ബി, എം.വി ജയന്‍, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സി.എച്ച് ഇഖ്ബാല്‍, സൗദ സി.എം, ഹരിദാസ്.ഡി പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ രതീഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ എം. നന്ദിയും പറഞ്ഞു.
കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ സി.ഡി.എസ് പ്രവര്‍ത്തകര്‍ കുടുംബശ്രീ മുദ്രാഗീതത്തിന്റെ നൃത്താവിഷ്‌ക്കാരം അവതരിപ്പിച്ചു. മേഖലാതല സംഗമത്തില്‍ മലപ്പുറം, വയനാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പട്ടികവര്‍ഗ അനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാന്നൂറിലേറെ പേര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി; ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍, കാഞ്ഞങ്ങാട്ട് അക്രമം നടത്തിയത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

You cannot copy content of this page