കാസര്‍കോട്: കാഞ്ഞങ്ങാട്, ബല്ല ഈസ്റ്റ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി സാരമായി പരിക്കേറ്റ മടിക്കൈ പഞ്ചായത്ത് സ്വദേശിയായ പത്താംക്ലാസുകാരനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ഏഴുപേര്‍ ചേര്‍ന്ന് കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്കുള്ള ഇടവഴിയിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ബോധം നശിക്കുകയും തലയ്ക്കും കൈക്കും താടിയെല്ലിനും നാവിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആള്‍ക്കാര്‍ വരുന്നതു കണ്ടാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പത്താംക്ലാസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
ജൂലായ് 15ന് ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിനു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കൊവ്വല്‍പ്പള്ളിയിലെ ടര്‍ഫില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തന്റെ വിവരങ്ങള്‍ പൊലീസിനു നല്‍കിയതെന്ന വിരോധമാണ് അക്രമത്തിനു കാരണമായതെന്നു പറയുന്നു. ഇതിന്റെ പേരില്‍ പത്താംക്ലാസുകാരനെ നേരിട്ടും ഇന്‍സ്റ്റഗ്രാം വഴിയും ഭീഷണിപ്പെടുത്തി കൊണ്ടിരുന്നതിന്റെ പിന്നാലെയാണ് പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
ആദ്യം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
