കാസര്‍കോട്: കല്യാണത്തില്‍ പങ്കെടുക്കാത്ത വിരോധത്തിലാണെന്നു പറയുന്നു, വയോധികയെ മുടിക്ക് വലിച്ച് നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച വയോധികയുടെ സഹോദരന്റെ മകനെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മംഗല്‍പാടി, ഹേരൂര്‍, നിറമൂലയിലെ ഗുലാബി (60), സഹോദരന്റെ മകന്‍ യതിരാജ് (30) എന്നിവരെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ കുഞ്ചത്തൂര്‍പ്പദവ് സ്വദേശി അശ്വത്, സഹോദരന്‍ സൗബിത്ത് എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുഞ്ചത്തൂര്‍പദവിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയതായികുന്നു ഗുലാബി. ഈ സമയത്ത് വീടിനു മുന്നില്‍ വച്ച് അശ്വതും സൗബിത്തും ചേര്‍ന്നു ഗുലാബിയുട മുടിയില്‍ പിടിച്ച് വലിച്ച് നിലത്തിടുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമം കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് യതിരാജിനെ മര്‍ദ്ദിച്ചത്. സൗബിത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാത്ത വിരോധമാണ് ഗുലാബിയെ അക്രമിക്കാന്‍ കാരണമായതെന്നു കൂട്ടിച്ചേര്‍ത്തു.
