പയ്യന്നൂർ: പയ്യന്നൂരിൽ വൻ ചർച്ചകൾക്ക് ഇടയാക്കിയ സുലോചന (76) കൊലക്കേസിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. എസ്.പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ് പി എം.വി. അനിൽകുമാർ ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എസ് പി യും സംഘവും മൃതദേഹം കാണപ്പെട്ട കിണറും പരിസരവും പരിശോധിച്ചു. 2024 ഒക്ടോബർ രണ്ടിനാണ് സുലോചനയെ പയ്യന്നൂർ , കൊറ്റിയിലെ വീട്ടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴുത്തിൽ ഉണ്ടായിരുന്ന അഞ്ചു പവൻ തൂക്കമുള്ള സ്വർണ്ണ മാല മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ചെരുപ്പുകൾ കിണറിൽ നിന്നു മീറ്ററുകൾ മാറി രണ്ടിടത്താണ് കാണപ്പെട്ടത്. ഇതും സംശയത്തിനു ഇടയാക്കിയിരുന്നു. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തിയെങ്കിലും കൊലയാളിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിനുകൈ മാറി കൊണ്ട് കഴിഞ്ഞ ദിവസം ഡി.ജിപി രവാഡെ ചന്ദ്രശേഖര ഉത്തരവായത്.
