കാസര്‍കോട്: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വ്യാപാരിയെ തള്ളിയിട്ടു കൊന്ന കേസില്‍ കരാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്ലൂര്‍ സ്വദേശിയായ നരേന്ദ്രനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ വധശ്രമത്തിനു കേസെടുക്കുകയും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. ഇതിനിടയിലാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വെള്ളിക്കോത്ത്, പെരളത്തെ റോയ് ജോസ്ഫ് ഏഴുപ്ലാക്കല്‍(45) വ്യാഴാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
ആഗസ്ത് മൂന്നിന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് റോയി ജോസഫിനെ മാവുങ്കാല്‍, മൂലക്കണ്ടത്തു പണിയുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു തള്ളിയിട്ടത്. മഡിയനില്‍ അലൂമിനിയം സാമഗ്രികളുടെ വ്യാപാരിയായിരുന്നു റോയ്. ബിസിനസ് വിപുലീകരണത്തിനായാണ് മൂലക്കണ്ടത്ത് മൂന്നു നില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ഭാര്യ: ദിന്‍സി റോയ്.
മക്കള്‍: നെവിന്‍, നിതിന്‍, നിപിന്‍.
