കാസര്‍കോട്: നാലു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിന്റെ മാതാവായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോയിപ്പാടി, പെര്‍വാഡ് കടപ്പുറത്തെ 20കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഭര്‍ത്താവ് പെര്‍വാഡ്, കടപ്പുറത്തെ ഫിറോസ്, വീട്ടുകാരായ അബ്ദുല്‍ റഹ്‌മാന്‍, നബീസ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. 2024 ഏപ്രില്‍ 21ന് ആണ് യുവതിയും ഒന്നാം പ്രതിയായ ഫിറോസും തമ്മിലുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. 2025 മാര്‍ച്ച് 15 മുതല്‍ ആഗസ്ത് നാലു വരെ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരാതിക്കാരിക്ക് സുഖമില്ലാത്തതിനാല്‍ ഫിറോസിനു വേറെ കല്യാണം കഴിക്കണമെന്നു പറഞ്ഞാണ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതെന്നു കേസില്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാന്‍ കഴിയാതെ യുവതി കൈക്കുഞ്ഞുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കാറഡുക്കയിലുള്ള സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പിതാവ് മുഹമ്മദ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ പറയുന്നു.
‘ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ്‌ക്കോ” എന്നു പറഞ്ഞാണ് പിതാവ് മര്‍ദ്ദിച്ചതെന്നു കേസില്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി കുമ്പളയില്‍ എത്തുകയും ജീവനൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവത്രെ. നാട്ടുകാര്‍ യുവതിയെ രക്ഷിച്ച് കുമ്പള സിഎച്ച്‌സിയില്‍ എത്തിച്ചു. അവിടെ നിന്നു പിന്നീട് ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയുടെ പരാതി പ്രകാരം കേസെടുത്ത ശേഷം വിദ്യാനഗറിലുള്ള ‘സഖി’ കേന്ദ്രത്തിലേക്ക് മാറ്റി.
