കാസര്‍കോട്: ഒരു ഇടവേളക്ക് ശേഷം മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയില്‍ പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടുമുറ്റത്ത് എത്തിയ പുലി ഓലത്തുകയയിലെ ഗോപാലന്‍ നായരുടെ നാലു വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ കൊന്ന് കടിച്ചു കൊണ്ടു പോയി. ഇരുമ്പു കൂടു തകര്‍ത്ത ശേഷമാണ് നായയെ പുലി പിടികൂടിയത്. വിവരമറിഞ്ഞ് എന്‍.വി സത്യന്റെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സോളാര്‍ വേലിയുടെ അടിഭാഗത്തു കൂടി നൂണിറങ്ങിയ പുലി വീട്ടുമുറ്റത്തെ ഇരുമ്പു കൂടിന്റെ അടിഭാഗം തകര്‍ത്താണ് നായയെ പിടികൂടിയത്. പുലിയുടെ പിടിയില്‍ നിന്നു കുതറിയോടിയ നായ വീടിന്റെ സിറ്റൗട്ടില്‍ അഭയം തേടിയെങ്കിലും രക്ഷപ്പെടാനായില്ല. പുലിയുടെയും നായയുടെയും കാല്‍പ്പാടുകള്‍ സിറ്റൗട്ടിലും മുറ്റത്തും കാണപ്പെട്ടു. നായയെ കൊന്ന ശേഷം കവുങ്ങിന്‍ തോട്ടത്തിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ക്യാമറ വയ്ക്കാനാണ് വനം വകുപ്പ് അധികൃതരുടെ തീരുമാനം.
ഏതാനും ദിവസം മുമ്പ് ഓലത്തുകയയിലെ മറ്റൊരു വീട്ടിലും പുലി എത്തിയിരുന്നു. അന്നു കൂടു തകര്‍ത്ത് നായയെ പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. പുലിയുടെ ആക്രമണത്തില്‍ നായയുടെ മുഖത്ത് പരിക്കേറ്റിരുന്നു.

