കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റ ശേഷം ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആദ്യമായി കാസര്‍കോട്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം എത്തിയ അദ്ദേഹം പുലിക്കുന്നിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ബുധനാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് കാസര്‍കോട് ജില്ലയിലെ ഡിവൈ.എസ്.പിമാര്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിജിപി എത്തിയത്. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിനു മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദ്ദേശം ഡിജിപി മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന. ജില്ലയില്‍ പിടിമുറുക്കിയിട്ടുള്ള മയക്കുമരുന്ന്-മണല്‍ മാഫിയകളെ അടിച്ചമര്‍ത്താനുള്ള കര്‍ശന നിര്‍ദ്ദേശവും ഡിജിപി നല്‍കുമെന്നാണ് സൂചന.
ചൊവ്വാഴ്ച കണ്ണൂരില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് മദ്യപിക്കാന്‍ പൊലീസ് അവസരം ഒരുക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഡിജിപിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കുമ്പളയില്‍ മണല്‍ മാഫിയയുമായി ബന്ധമുണ്ടായിരുന്ന ആറു പൊലീസുകാരെ സസ്‌പെന്റ് ചെയ്ത സംഭവവും ഡിജിപിയുടെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
