കാസര്‍കോട്: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് കെട്ടിട ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിക്കോത്ത്, പെരളത്തെ ഏഴുപ്ലാക്കല്‍, റോയി ജോസഫി(48)നു പരിക്കേറ്റ സംഭവത്തിലാണ് കരാറുകാരനായ പുല്ലൂരിലെ നരേന്ദ്രനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. സുഹൃത്തായ മൂലക്കണ്ടത്തെ പി.വി ഷാജി കുമാര്‍ ആണ് പരാതിക്കാരന്‍. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മഡിയനിലും വെള്ളരിക്കുണ്ടിലും അലുമിനിയം ഫാബ്രിക്കേശന്‍ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമയാണ് റോയ് ജോസഫ്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മൂലക്കണ്ടത്ത് മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസ്തുത കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വച്ച് റോയ് ജോസഫും കരാറുകാരനായ നരേന്ദ്രനും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും ഇതിനിടയില്‍ ചവിട്ടി താഴേക്കിട്ടുവെന്നാണ് ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
നട്ടെല്ലിനും സുഷുമ്‌ന നാഡിക്കും ഗുരുതരമായി പരിക്കേറ്റ റോയി ജോസഫിനെ ആദ്യം മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിലാണ് റോയിജോസഫ് കഴിയുന്നത്. അതിനാല്‍ പൊലീസിനു മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേ സമയം സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റ റോയ് ജോസഫില്‍ നിന്നു മൊഴിയെടുത്ത ശേഷമേ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.
തള്ളിയിട്ടതാണെന്ന മൊഴിയില്‍ പരാതിക്കാരന്‍ ഉറച്ചു നിന്നാല്‍ ഡമ്മി പരിശോധന നടത്താനാണ് പൊലീസിന്റെ ആലോചന.
