കാസര്‍കോട്: ആരോഗ്യ വകുപ്പിന്റെ വിരട്ടലുകള്‍ക്കെതിരെ കാഞ്ഞങ്ങാട്ടു തെരുവു നായ്ക്കള്‍ സംഘടിച്ചു. ഗേറ്റും ഗേറ്റ് കീപ്പറും ആരോഗ്യ വകുപ്പ് ജില്ലാ മേധാവികളുമുള്ള ആശുപത്രിയിലെ സ്ഥിതി വിവരങ്ങളറിയാന്‍ ഗേറ്റു കടന്ന് ആശുപത്രിക്കുള്ളില്‍ കയറിയ നായ്ക്കള്‍ ആശുപത്രിയുടെ അടഞ്ഞു കിടന്ന പ്രധാന വാതിലിനു മുന്നില്‍ അല്‍പനേരം നിന്നു. അതിനു ശേഷം വാര്‍ഡുകള്‍ക്ക് മുന്നിലൂടെയുള്ള വരാന്തയിലൂടെ നടന്നു. റൂമുകള്‍ക്കു മുന്നിലും നടന്നു. ഒടുവില്‍ ആശുപത്രിക്കുള്ളിലെ ഒരു റൂമിനു മുന്നിലുണ്ടായിരുന്ന ബഞ്ചിനടിയില്‍ കിടന്നു വിശ്രമിച്ചു.
നൂറുകണക്കിനു തെരുവു നായ്ക്കള്‍ കടിച്ചു കീറി വിടുന്നവരെ ആശുപത്രികള്‍ ശുശ്രൂഷിക്കുന്നതു കൊണ്ടുള്ള പകയാണോ എന്നറിയില്ല. പക്ഷെ, നായ്ക്കളുടെ ആശുപത്രിക്കുള്ളിലുള്ള വിഹാരം നിസാരമായി കാണാനാവില്ല. തെരുവു നായ്ക്കളോടു ആരും കളിക്കേണ്ടെന്നും വിരട്ടലും ഭീഷണിയും പ്രഖ്യാപനങ്ങളുമൊന്നും തങ്ങള്‍ക്കു മുന്നില്‍ വിലപ്പോവില്ലെന്നുമുള്ള അവയുടെ താക്കീതായി രോഗികള്‍ ഇതിനെ കാണുന്നു. അവര്‍ ആശുപത്രിക്കുള്ളില്‍ നായ്ക്കളെ പേടിച്ചു വിറച്ചു വാതിലടച്ചു കിടക്കുന്നു. ശനിയാഴ്ച സന്ധ്യ കഴിഞ്ഞു ജില്ലാ ആശുപത്രിയിലെത്തിയ ഒരു സന്ദര്‍ശകയാണ് ഭയാനകമായ ഈ കാഴ്ച കണ്ടത്. അവര്‍ അക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചു. ഒരു പരാതി എഴുതി ആശുപത്രിയിലെ പരാതിപ്പെട്ടിയിലിടാനായിരുന്നു ജീവനക്കാരുടെ സാരോപദേശം. സര്‍ക്കാര്‍ ആശുപത്രി സംവിധാനത്തിന്റെ അവസ്ഥയില്‍ പ്രകോപിതയായ അവര്‍ നായ്ക്കളുടെ ഉലാത്തലിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു. കണ്ണുള്ളവര്‍ കാണട്ടെ, അല്ലാതെന്തു ചെയ്യും?
