കാസര്‍കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കാനായി സ്വദേശി അനീഷ് (40)ആണ് പിടിയിലായത്. ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവുമായി അനീഷ് നേരത്തെ സോഷ്യല്‍മീഡിയ വഴി പരിചയത്തിലായിരുന്നു. തുടര്‍ന്ന് അനീഷും പെണ്‍കുട്ടികളുടെ മാതാവായ യുവതിയും മൂന്ന് മക്കള്‍ക്കൊപ്പം പറശിനിക്കടവില്‍ എത്തിയതായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ഒമ്പതാം ക്ലാസുകാരിയായ 14 കാരിയെ അനീഷ് ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കുന്നത് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ്. സ്‌കൂളില്‍ എത്തിയ കുട്ടി വിവരം അധ്യാപികയോട് പറയുകയും കൗണ്‍സിലിംഗ് നടത്തിയശേഷം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് മാറ്റുകയായിരുന്നു. ഡിവൈ.എസ്.പി കെ ഇ പ്രേമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ബാബുമോന്‍, എസ്.ഐ: ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച രാവിലെ മാതമംഗലത്തെത്തിയാണ് അനീഷിനെ പിടികൂടിയത്.
