അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം-(റേറസ്റ്റ് ഓഫ് റേര്‍-Rarest of rare) നമ്മുടെ ക്രിമിനല്‍ക്കോടതികളില്‍ കൊലക്കേസ് പരിഗണിക്കുമ്പോള്‍ ജഡ്ജിമാര്‍ ആവര്‍ത്തിക്കാറുള്ള പദപ്രയോഗം. എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?
അപൂര്‍വ്വം എന്നാല്‍ മുമ്പ് ഉണ്ടായിട്ടില്ലാത്തത്. അപ്പോള്‍, അപൂര്‍വങ്ങളില്‍ അപൂര്‍വ്വമോ? മുമ്പ് ഉണ്ടായിട്ടില്ലാത്തവയില്‍, മുമ്പ് ഉണ്ടായിട്ടില്ലാത്തത്! എന്തൊരസംബന്ധം? ശിക്ഷാ നിയമം എഴുതി തയ്യാറാക്കിയ, ന്യായജ്ഞര്‍ എന്നഭിമാനിക്കുന്നവരുടെ വിവരക്കേട്! സംശയത്തിനിടനല്‍കാത്ത വിധം നിര്‍വചിക്കണമായിരുന്നു.
ഏതായാലും, നിയമപുസ്തകത്തില്‍ ഉണ്ടല്ലോ ആ പദപ്രയോഗം. ആ സ്ഥിതിക്ക് അത് പറയാതെ നിര്‍വ്വാഹമില്ല. കൊലപാതകക്കേസ് സംബന്ധിച്ചുള്ള വിചാരണയുടെ അവസാനഘട്ടത്തില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദം ഉപസംഹരിച്ചുകൊണ്ട് പറയും. കുറ്റാരോപിതന്‍ ചെയ്തിട്ടുള്ളത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യമാകയാല്‍ അതിനുള്ള പരമാവധി ശിക്ഷ- വധശിക്ഷ- തന്നെ വിധിക്കേണ്ടതാണ്. കോടതി സമക്ഷം സമര്‍പ്പിക്കപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും വിലയിരുത്തി ഈ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍, ബഹു. കോടതി വധശിക്ഷ വിധിക്കും. അതല്ല, എന്തെങ്കിലും പഴുതുണ്ടെന്ന് തോന്നിയാല്‍ വധശിക്ഷയല്ല, അതിന് തൊട്ടു താഴെയുള്ള ശിക്ഷ- ജീവപര്യന്തം തടവ്- അതിലുമുണ്ട് ഗുരുലഘു ഭേദം. ജീവപര്യന്തം കഠിനതടവും, വെറും തടവും. ജീവപര്യന്തം എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവപര്യന്തം തന്നെ. ജീവശ്വാസം നിലക്കുന്നത് വരെ ജയിലില്‍ കഴിയേണ്ടതാണ്. അത് എടുത്തു പറഞ്ഞില്ലെങ്കിലോ? 14 അല്ലെങ്കില്‍, 16 കൊല്ലം മാത്രം ജയിലില്‍ കഴിഞ്ഞാല്‍ മതി.
മാനസാന്തരവും സ്വഭാവ സംസ്‌ക്കരണവും ഉണ്ടായി, ഭാവിയില്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് പാടേ അകന്നു നില്‍ക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ ലഘുവായ ശിക്ഷ; എന്നാല്‍ ആ മുന്‍വിധി പിഴച്ചു പോയാലോ?
വധശിക്ഷാര്‍ഹം തന്നെ എന്ന് ബോധ്യപ്പെട്ടാലും വധശിക്ഷ വിധിക്കാന്‍ നമ്മുടെ ന്യായാധിപന്മാരില്‍ പലര്‍ക്കും വൈമുഖ്യം. വധശിക്ഷ വിധിക്കുക എന്നാല്‍ കൊല ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയാണ് എന്ന് ചിന്തിക്കുന്നവര്‍? ജന്മം നല്‍കിയ ദൈവത്തിനു മാത്രമേ ജീവനെടുക്കാന്‍ അധികാരമുള്ളൂ? എന്ന് ഗാന്ധിജി പറയുകയുണ്ടായി. വധ ശിക്ഷ എന്നാല്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് മര്‍ഡര്‍ എന്നും തിന്മയെ നന്മ കൊണ്ടാണ് ചികിത്സിക്കേണ്ടത്; പ്രതികാരം കൊണ്ടല്ല എന്നും- വിക്ടര്‍ ഹ്യൂഗോ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒരാളുടെ ജീവനെടുത്തയാളുടെ ജീവനെടുത്തുകൊണ്ട് അയാളെ ശിക്ഷിക്കുന്നത് ശരിയല്ല- സുപ്രീംകോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജസ്റ്റീസ് കെ ടി തോമസിന്റെ അഭിപ്രായം. രാജീവ് ഗാന്ധി വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണം എന്ന സഹ ജഡ്ജിമാരുടെ ഉറച്ച നിലപാടുകളോട് അവസാനം വരെ വിയോജിച്ച് പ്രകടിപ്പിച്ച ന്യായാധിപനായിരുന്നു അദ്ദേഹം. (സോളമന്റെ തേനീച്ചകള്‍- ആത്മകഥ നോക്കുക).
സെഷന്‍സ് കോടതി ജഡ്ജിയായിരിക്കെ 13 കൊലക്കേസുകളില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച ഒരു ന്യായാധിപനെക്കുറിച്ച് അഡ്വ. പി എസ് ശ്രീധരന്‍പിള്ള, (ഗവര്‍ണ്ണര്‍ പദവിയില്‍ നിന്ന് അടുത്തകാലത്ത് വിരമിച്ച ശ്രീധരന്‍പിള്ള ബി ജെ പി നേതാവ്) എഴുതിയിട്ടുണ്ട്. ഈ പതിമൂന്ന് വിധികളില്‍ ബഹുഭൂരിപക്ഷവും, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ശരിവെച്ചില്ല. അപ്പോള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് മാത്രമേ താന്‍ വധശിക്ഷ വിധിച്ചിട്ടുള്ളൂ എന്ന് അവകാശപ്പെടുന്നതില്‍ എന്ത് ന്യായം?
ഈ ചിന്തകളെല്ലാം ഉദിച്ചത് ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെത്തുടര്‍ന്നുള്ള വാര്‍ത്തകളെത്തുടര്‍ന്നാണ്. ചാമിക്ക് വധശിക്ഷ തന്നെ നല്‍കണമായിരുന്നു എന്ന്, ആ നരാധമന്റെ ക്രൂരകൃത്യങ്ങള്‍ക്കിരയാക്കപ്പെട്ട യുവതിയുടെ അമ്മയടക്കം പറയുന്നു- (വധശിക്ഷ വിധിച്ചാല്‍ മാത്രം പോരല്ലോ, അത് നടപ്പാക്കുകയും വേണ്ടേ? അതിന് എത്രകാലമെടുക്കും? എത്ര കടമ്പകള്‍ കടക്കണം? അത്യുന്നത കോടതിയുടെ വിധി രാഷ്ട്രപതി അംഗീകരിക്കണം. കൊലക്കയര്‍ കൊണ്ട് വരണം. ആരാച്ചാരെ വരുത്തണം. ഇങ്ങനെ പല നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്).
ചാമിക്കെതിരായ കേസില്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. എന്നാല്‍, സുപ്രീംകോടതിയുടെ മനസ്സലിഞ്ഞു. വധശിക്ഷ വിധിക്കാന്‍ മാത്രമുള്ള കുറ്റം ചെയ്തിട്ടില്ല. കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ ഒന്നും ചെയ്തിട്ടില്ല. യുവതിയുടെ മുഖം അമര്‍ത്തിപ്പിടിച്ച് തീവണ്ടിയുടെ ഭിത്തിയില്‍ ശക്തിയായി ഇടിച്ചപ്പോള്‍ തലയോട് പൊട്ടി; തലച്ചോറിലേയ്ക്ക് രക്തസ്രാവമുണ്ടായി എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജന്മാര്‍. ഇതാണ് മരണകാരണം. എന്നാല്‍ മുഖം പിടിച്ച് തല ഭിത്തിയോട് ഇടിച്ചാല്‍ മരിച്ചു പോകും എന്ന് ചാമിക്ക് അറിവുണ്ടായിരുന്നോ? ശരീരശാസ്ത്രം പഠിച്ചിട്ടുണ്ടോ ചാമി? അറിയാതെ ചെയ്തുപോയി.
അതിന് വധശിക്ഷയോ? ചീഫ് ജസ്റ്റീസ് നിരഞ്ജന്‍ ഗോഗോയിയുടെ ന്യായം!
കേസ് സംബന്ധമായ രേഖകള്‍ ഇഴകീറി പരിശോധിച്ച് വിടവുകള്‍ കണ്ടെത്തിയത് ജ. ഗോഗോയ്. ചാമിയുടെ വക്കീലായ ബി എ ആളൂരിന് ഒന്നും പറയേണ്ടിവന്നില്ല. (മാതൃഭൂമി- 26-07-2025) വധശിക്ഷ റദ്ദാക്കിയത് തെറ്റാണെന്ന് എഫ് ബി പോസ്റ്റിട്ട റിട്ട. ജഡ്ജി, മാര്‍ക്കണ്ഡേയ കട്ജുവിനെ വിളിച്ചു വരുത്തി ജ. ഗോഗോയ് ശാസിച്ചുപോലും!
ജയില്‍ചാടിയ ഒറ്റക്കൈയന്‍ ചാമി താമസിയാതെ പിടിയില്‍പ്പെടാതിരുന്നെങ്കില്‍ വീണ്ടും വീണ്ടും സൗമ്യമാര്‍…. അങ്ങനെ സംഭവിച്ചാല്‍ അതിന് പരോക്ഷമായി ഉത്തരവാദി വധശിക്ഷ വിധിക്കാതിരുന്ന ന്യായാധിപന്മാരാവുമോ?
