കാസര്‍കോട്: വഴിയില്‍നിന്ന് കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡുകളുമടങ്ങുന്ന പഴ്‌സിന്റെ ഉടമസ്ഥനെ കണ്ടെത്തി കൈമാറി. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി എം.ദേവ് കിരണിന്റെ സത്യസന്ധതയില്‍ എടനീര്‍ മഠത്തിന് സമീപത്തെ എം.അബ്ദുല്‍ ഖാദറിനാണ് നഷ്ടപ്പെട്ട പഴ്‌സ് തിരിച്ചുകിട്ടിയത്. ശനിയാഴ്ച രാവിലെ ആറരയോടെ കളിക്കാന്‍ പോകുന്നതിനിടെ പടുവടക്കം പാതയോരത്ത് നിന്നാണ് കുട്ടിക്ക് പഴ്‌സ് ലഭിച്ചത്. 2,850 രൂപയും മൂന്ന് എടിഎം കാര്‍ഡുകളും പാന്‍ കാര്‍ഡുകളും പഴ്‌സിലുണ്ടായിരുന്നു. ഉടമയെ കണ്ടെത്തി നല്‍കുന്നതിന് സമീപവാസിയായ മാധ്യമപ്രവര്‍ത്തകന്‍ പി. കെ. വിനോദ് കുമാറിന് കൈമാറി. ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരത്തിലൂടെ ഉടമയെ കണ്ടുപിടിച്ചു. ഭക്ഷണം വീടുകളിലേക്ക് എത്തിച്ചു നല്‍കുന്ന കമ്പനിയിലെ ജീവനക്കാരനാണ് എം. അബ്ദുല്‍ ഖാദര്‍. ഞായറാഴ്ച രാവിലെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് എസ് ഐ വിജയന്‍ മേലത്തിന്റെ സാന്നിധ്യത്തില്‍ ദേവകിരന്‍ ഉടമയായ എം അബ്ദുല്‍ ഖാദറിന് പഴ്‌സ് കൈമാറി. മാതാവ് എം.സൗമ്യ, സഹോദരി എം. അമയയും ഒപ്പമുണ്ടായിരുന്നു. പടുവടുക്കം മാസ്സ് വ്യൂ കോളനിയിലെ മനോജ് മേലത്തിന്റെയും കുടുംബശ്രീ ജില്ലാ ഓഫീസിലെ അക്കൗണ്ടന്റ് മാവില സൗമ്യയുടെയും മകനാണ് ദേവകിരന്‍.

👍🏻