കോട്ടയം: ഏറ്റുമാനൂരില്‍നിന്നുകാണാതായ ജെയ്നമ്മയെ കൊലപ്പെടുത്തിയതായ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയില്‍ സ്ത്രീകളെ കാണാതായ കേസുകള്‍ പുനഃപരിശോധിക്കുന്നു. നിരവധി സ്ത്രീകളെ വകവരുത്തിയതായാണ് പൊലീസിന് സൂചന ലഭിച്ചത്. 4 കേസുകളാണ് പൊലീസ് അന്വേഷിക്കാന്‍ പോകുന്നത്. 2002 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2024 കാണാതായ സിന്ധു എന്നിവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാംവാര്‍ഡ് വള്ളാക്കുന്നത്ത് വെളി സിന്ധു(ബിന്ദു43) അടക്കം 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിക്കും. കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 2020 ഒക്ടോബര്‍ 19-ന് തിരുവിഴയില്‍നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചതിനുശേഷം ക്ഷേത്രദര്‍ശനത്തിനെന്നുപറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകളുടെ വിവാഹനിശ്ചയത്തിനു രണ്ടുദിവസം മുന്‍പാണ് സിന്ധുവിനെ കാണാതായത്. പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
പലതരത്തില്‍ അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം കേസന്വേഷണം ഉപേക്ഷിച്ചത്. ഡ്രൈവറായും, വസ്തു ഇടനിലക്കാരനായും ചേര്‍ത്തല നഗരത്തില്‍ സജീവമായിരുന്നു സെബാസ്റ്റ്യന്‍. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവന്‍ എന്നാണ് സെബാസ്റ്റ്യന്റെ വിളിപ്പേര്. അതിനിടെ അതിരമ്പുഴ സ്വദേശി ജെയ്‌നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യന്‍ സ്വര്‍ണം കൈക്കലാക്കിയെന്ന് പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യനുമായി ഞായറാഴ്ച പള്ളിപ്പുറത്തെ വീട്ടില്‍ തെളിവെടുപ്പ് നടക്കും. ശരീര അവശിഷ്ടങ്ങളുടെ ബാക്കി ഭാഗം എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചത്. അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.
