കാസർകോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാവാതെ ഒളിവിൽ കഴിയുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്പാടി കവല സ്വദേശി വൃന്ദ രാജേഷിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ അമ്പലത്തറ സ്റ്റേഷനിൽ 49 കേസുകൾ നിലവിലുണ്ട്. ഇവർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിൽ നൂറോളം കേസുകൾ ഉണ്ടെന്നാണ് വിവരം. പയ്യന്നൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. സിക്ക് ടെക് എന്ന പേരിൽ ചിട്ടി കമ്പനി നടത്തി കാസർകോട് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും ആളുകളുടെ പണം തട്ടിയെടുത്തു എന്നാണ് കേസ്. തളിപ്പറമ്പ് ആസ്ഥാനമായാണ് സിക്ക് ടെക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലൂടെ വൃന്ദാ രാജേഷും ഭർത്താവ് രാജേഷും ചേർന്ന് ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് പരാതി. സ്ഥാപനത്തിന്റെ ഉടമ രാജേഷ് ആണെങ്കിലും തട്ടിപ്പിന്റെ സൂത്രധാരൻ വൃന്ദയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. 2017 ലാണ് സിക്ക് ടെക് അടച്ചുപൂട്ടിയത്.
