കാസര്‍കോട്: തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് സ്ഥിരമായി വൈകിയെത്തുന്നതായി യാത്രക്കാരുടെ പരാതി. ഒരു മാസത്തിലധികമായി അരമണിക്കൂറു മുതല്‍ ഒന്നരമണിക്കൂര്‍ വൈകിയാണ് കാസര്‍കോട് ജില്ലയിലെത്തുന്നത്. ദിവസവും വൈകിയെത്തുന്നത് വിദ്യാര്‍ഥികളടക്കുമുള്ള സീസണ്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് മലബാര്‍ എക്‌സ്പ്രസിനെയാണ്. മറ്റു കടന്നുപോകുന്നതിനായി ഏറെനേരമാണ് പലയിടങ്ങളിലും പിടിച്ചിടുന്നത്. ഇതുകാരണം ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും വലയുന്നു. സമയത്തിന് ഓഫീസിലെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പരാതിപ്പെടുന്നു. രാവിലെ 8.25 ന് കാസര്‍കോട് എത്തേണ്ട ട്രെയിന്‍ ശനിയാഴ്ച എത്തിയത് 10 മണിക്ക്. അതേസമയം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍വരെ ട്രെയിന്‍ കൃത്യത പാലിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. മലബാര്‍ എക്‌സപ്രസ് വൈകിയാല്‍ പിന്നാലെ വരുന്ന പാസഞ്ചര്‍ ട്രെയിനും വൈകും. ഇത് മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകുന്ന രോഗികളടക്കമുള്ളവര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് യാത്രക്കാര്‍ പറഞ്ഞു.
