മംഗളൂരു: നാലുദിവസം മുമ്പ് കാണാതായ ബണ്ട്വാള്‍ കാദേശിവലയ സ്വദേശിയായ 21 കാരന്റെ മൃതദേഹം നേത്രാവതിപ്പുഴയില്‍ കണ്ടെത്തി. ഹേമന്ത് ആചാര്യയുടെ മൃതദേഹമാണ് ബജല്‍ മുഗേരു നേത്രാവതിപ്പുഴയില്‍ കണ്ടെത്തിയത്. പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞമാസം 27 നാണ് യുവാവിനെ കാണാതായത്. 28ന് ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജാക്രിബെട്ടു അണക്കെട്ടിന് സമീപത്ത് യുവാവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് മുങ്ങള്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഡ്രോണ്‍ സഹായത്തോടെ മൂന്ന് വ്യത്യസ്ത സംഘങ്ങള്‍ തുമ്പൈ അണക്കെട്ടിന് താഴെയായി തിരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വൈകുന്നരമാണ് മൃതദേഹം കണ്ടെത്തിയത്.
