കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 14കാരി പ്രസവിച്ച കേസില്‍ അറസ്റ്റിലായ പിതാവിനെ റിമാന്റ് ചെയ്ത് ജയിലില്‍ അടച്ചു. കര്‍ണ്ണാടക, കുടക് സ്വദേശിയും കാഞ്ഞങ്ങാട് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ 48കാരന്‍ ആണ് ജയിലിലായത്. ഭാര്യക്കു അഞ്ചു മക്കള്‍ക്കുമൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു പ്രതി. ഇതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എന്നാല്‍ വീട്ടുകാരോ, സ്‌കൂള്‍ അധികൃതരോ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടി താമസസ്ഥലത്ത് പ്രസവിച്ചപ്പോഴാണ് മാതാവ് പോലും വിവരമറിഞ്ഞത്. അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെടുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധനക്കയക്കുകയും ചെയ്തു. ഇതിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത് പിതാവിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് വ്യക്തമായത്. മകള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയ പിതാവ് ഒരു മാസം മുമ്പ് ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. പെണ്‍കുട്ടി പ്രസവിച്ചതോടെ ഗള്‍ഫിലായിരുന്ന പിതാവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് നാട്ടില്‍ തിരികെ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടി ഗര്‍ഭം ധരിച്ചതുമായി ബന്ധപ്പെട്ട് പിതാവ് പൊലീസിന് ചില മൊഴികള്‍ നല്‍കിയതായാണ് സൂചന. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം പൂര്‍ത്തിയാക്കി കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുവാനാണ് പൊലീസിന്റെ നീക്കം.
