മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.7 രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കന്‍ തീരത്താണ് വന്‍ ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇതോടെ അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്‍കി. അലാസ്‌ക, ഹവായ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ റഷ്യയുടെയും ജപ്പാന്‍റെയും തീരപ്രദേശങ്ങളിൽ വിനാശകരമായ സുനാമി തിരമാലകൾ എത്തുമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഇതുവരെ ആൾ അപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കെട്ടിടങ്ങൾ തകർന്നതായി വിവരമുണ്ട്. മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. പസഫിക് തീരത്ത് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി ഉണ്ടാകുമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്‌ലോവ്‌സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ജപ്പാനിലെ നാല് വലിയ ദ്വീപുകളുടെ വടക്കേ അറ്റത്തുള്ള ഹോക്കൈഡോയില്‍ നിന്ന് ഏകദേശം 160 മൈല്‍ അകലെയായിരുന്നു ഭൂകമ്പം. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമായ ജപ്പാന്‍ ലോകത്തിന്റെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.
