കാസര്‍കോട്: കുമ്പള സ്‌കൂള്‍ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമായി. സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ പരിസരത്താണ് ഇരുപതോളം തെരുവ് നായകള്‍ തമ്പടിച്ചിരിക്കുന്നത്. പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണകാരികളായ നായകള്‍ പാഞ്ഞെടുക്കുന്നത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായകളുടെ കടിയേറ്റ സംഭവം നേരത്തെയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ നായ ശല്യം വര്‍ധിച്ചതോടെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളിലെത്തിക്കേണ്ട സ്ഥിതിയായി. കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബേസിക് സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ഥികളാണ് നായപ്പേടിയില്‍ പഠനത്തിനെത്തുന്നത്. പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. മൊഗ്രാല്‍, പേരാല്‍, മുളിയടുക്ക തുടങ്ങിയ പ്രദേശങ്ങളിലെ കോഴികള്‍ക്ക് നേരെയും ആടുകള്‍ക്ക് നേരെയും തെരുവ് നായകളുടെ ആക്രമണം നേരത്തെയുണ്ടായിരുന്നു. കൂട്ടത്തോടെയെത്തുന്ന തെരുവ് നായകള്‍ ആടുകളെയും കോഴികളെയും കടിച്ചുകൊന്നിരുന്നു.
