കാസര്‍കോട്: കടലാക്രമണം രൂക്ഷമായ ഉപ്പള പെരിങ്കടിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ അതിരൂക്ഷമായ കടല്‍ക്ഷോഭത്തില്‍ അഞ്ച് വൈദ്യുത പോസ്റ്റുകള്‍ കടലെടുത്തു. പെരിങ്കടി മുതല്‍ മുട്ടം വരെ 20 ഓളം പോസ്റ്റുകള്‍ ഏത് നിമിഷവും കടലില്‍ പതിക്കുമെന്ന നിലയിലാണ്. ട്രാന്‍സ്‌ഫോര്‍മറും ഇവിടെയുണ്ട്. അതും അപകട ഭീഷണി നേരിടുന്നു. പെരിങ്കടി കടപ്പുറത്ത് 50 ഓളം കുടുംബങ്ങള്‍ വഴിയും വൈദ്യുതിയുമില്ലാതെ ആശങ്കയോടെ കഴിയുകയാണ്. പെരിങ്കടിയില്‍ നിന്ന് മുട്ടത്തേക്കുള്ള റോഡ് കഴിഞ്ഞ ദിവസം തിരമാലയില്‍ തകര്‍ന്ന് റോഡില്‍ നിന്ന് സ്ഥലം പൂര്‍ണമായി മുറിഞ്ഞ് പോയിരിക്കുകയാണ്. കടലാക്രമണത്തെ നേരിടാന്‍ നേരത്തെ നാട്ടുകാര്‍ പൂഴി നിറച്ച ചാക്കുകള്‍ കടപ്പുറത്ത് അട്ടിവച്ചിരുന്നെങ്കിലും അതിന്റെ അടയാളം പോലും കടല്‍ ബാക്കി വച്ചിട്ടില്ല. വഴിയും വെളിച്ചമില്ലാതെ എന്തുചെയ്യണമെന്ന തീരുമാനമെടുക്കാന്‍ പോലും കഴിയാതെ തീരദേശവാസികള്‍ വിഷമിക്കുകയാണ്. അധികൃതരില്‍ ചിലര്‍ കടപ്പുറത്തുവന്ന് അതിലെ ഇതിലെ നടന്നുപോകുന്നതൊഴിച്ചാല്‍ നടപടിയൊന്നും ഉണ്ടാവാത്തതില്‍ തീരദേശനിവാസികള്‍ വിഷമത്തോടൊപ്പം അമര്‍ഷവും പ്രകടിപ്പിക്കുന്നു.
