പയ്യന്നൂര്‍: ലിവര്‍ സിറോസിസ് ബാധിച്ച് കരള്‍ മാറ്റ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ച ആണൂരിലെ ടി.വി സുജീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ മലബാര്‍ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കാരുണ്യ യാത്ര ആരംഭിച്ചു. പയ്യന്നൂരില്‍ ടി.ഐ മധുസൂദനന്‍ എംഎല്‍ എ തലശ്ശേരി -കാസര്‍കോട് റൂട്ടില്‍ ഓടുന്ന ‘കരിപ്പാല്‍’ ബസിന് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് കാരുണ്യയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടക്കാട് നാരായണന്‍ അധ്യക്ഷനായി. 10 ഓളം ബസുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാരുണ്യയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. പ്രമീള, പി.കെ. ബാവ, ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്ത്, എസ്‌ഐ മുഹസിന്‍, പിലിക്കോട് പഞ്ചായത്തിലെ മെമ്പര്‍മാരായ നവീണ്‍ ബാബു, പി. രേഷ്‌ന, ചെറുവത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ ടി.വി. ശ്രീജിത്ത്, എം.വി.കുഞ്ഞിക്കോരന്‍ എന്നിവര്‍ വിവിധ ബസുകളുടെ യാത്രയ്ക്ക് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ചികിത്സാ സഹായ സമിതിയുടെയും ബസ് കൂട്ടായ്മയുടെയും നൂറോളം പ്രവര്‍ത്തകര്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് ബസ് സ്റ്റാന്‍ഡുകളില്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി. സുജീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ അറുപത് ലക്ഷം രൂപ സമാഹരിക്കാന്‍ നാടാകെ കൈകോര്‍ക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ കാരുണ്യ യാത്ര നടത്തുന്നത്.
