കാസര്‍കോട്: വീരമലക്കുന്നില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ചെറുവത്തൂര്‍ -മയ്യിച്ച ദേശീയപാതയില്‍ വാഹനഗതാഗതം പുന:സ്ഥാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ യാത്രാ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൊലിസിന്റെ കാവലിലാണ് ഹെവി വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടര്‍ കെ ഇമ്പശേഖരന്‍ വാഹനങ്ങളെ മുഴുവന്‍ കടത്തിവിടാന്‍ അനുവാദം നല്‍കിയത്. ഈമാസം 23ന് രാവിലെയാണ് കനത്ത മഴയില്‍ വീരമലക്കുന്നില്‍ മണ്ണിടിഞ്ഞ് റോഡില്‍ വീണത്. തുടര്‍ന്ന് ഒരുദിവസം ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. രണ്ടാം ദിവസം വലിയ വാഹനങ്ങള്‍ക്ക് മാത്രം യാത്രാനുമതി നല്‍കുകയായിരുന്നു.
